സ്വന്തം ലേഖകൻ: ഇസ്രയേല്‍-ഹമാസ് യുദ്ധം മുറുകുന്നതിനിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന് ബുധനാഴ്ച ഇസ്രയേല്‍ സന്ദര്‍ശിക്കും. മരുന്നും ഭക്ഷണവുമുള്‍പ്പടെ ലഭ്യമാകാതെ ദുരിതത്തിലായ ഗാസയിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാനുള്ള പദ്ധതി സംബന്ധിച്ച് ഇസ്രയേലും വാഷിങ്ടണും ധാരണയിലെത്തിയതായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ എട്ടു മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് ആന്റണി ബ്ലിങ്കന്റെ പ്രതികരണം. യുഎസിന്റെ ഇസ്രയേലിനോടുള്ള ഐക്യദാര്‍ഢ്യവും സുരക്ഷയോടുള്ള പ്രതിബദ്ധതയും അരക്കിട്ടുറപ്പിക്കുന്നതാകും ബൈഡന്റെ സന്ദര്‍ശനമെന്നും ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി.
ഹമാസുള്‍പ്പടെ ഭീകരവാദത്തെ കൂട്ടുപിടിക്കുന്നവരില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കാനും രാജ്യത്തിനു നേരെയുണ്ടായേക്കാവുന്ന ആക്രമണങ്ങളെ തടയാനും ഇസ്രയേലിന് പൂര്‍ണാധികാരമുണ്ട്. ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇസ്രയേലിനു ആവശ്യമുള്ള സഹായങ്ങളെ കുറിച്ച് ബൈഡന് ചോദിച്ചറിയുമെന്നും ബ്ലിങ്കന്‍ വ്യക്തമാക്കി.
ഹമാസിനെതിരെ ഇസ്രയേല്‍ കരയുദ്ധത്തിനൊരുങ്ങുന്നതായുള്ള സൂചനകള്‍ക്കിടെ ഗാസമുനമ്പില്‍ വിദേശസഹായം എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രയേലില്‍ നിന്ന് യുഎസ് ഉറപ്പുവാങ്ങി. ജനങ്ങള്‍ക്ക് അപകടമില്ലാതെയും എന്നാല്‍, ഹമാസിനോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയില്ലാതെയുമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനേക്കുറിച്ചും ഇസ്രയേലിനോട് ബൈഡന് ചര്‍ച്ച നടത്തുമെന്നും ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല