1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2023

സ്വന്തം ലേഖകൻ: യുദ്ധത്തിനിടെ ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ യുഎസ് പ്രസിഡന്റായ ജോ ബൈഡൻ, അവർക്കു വീണ്ടും പിന്തുണ പ്രഖ്യാപിച്ചതോടെ അറബ് ലോകത്ത് അമർഷം. ഇസ്രയേൽ സന്ദർശനശേഷം ബൈഡൻ ജോർദാനിൽ നിശ്ചയിച്ചിരുന്ന ഉച്ചകോടി അറബ് രാഷ്ട്രങ്ങൾ പിൻവാങ്ങിയതോടെ ഉപേക്ഷിക്കേണ്ടിവന്നു.

ഗാസയ്ക്കും വെസ്റ്റ് ബാങ്കിനുമായി 10 കോടി ഡോളറിന്റെ സഹായപ്രഖ്യാപനം ബൈഡൻ നടത്തിയെങ്കിലും അറബ് നേതാക്കളെ അനുനയിപ്പിക്കാനായില്ല. ‘ഇസ്രയേലിനു പിന്തുണ, പലസ്തീനു സഹായം’ എന്ന നയം ഫലിക്കാതെ 8 മണിക്കൂറിനകം അദ്ദേഹം മടങ്ങി.

ഗാസ അൽ അഹ്‌ലി ആശുപത്രി ആക്രമണം നടത്തിയത് ‘ഇസ്രയേൽ അല്ല, മറ്റേ ടീം ആണെന്നാണ് എനിക്കു ബോധ്യപ്പെട്ടത്’ എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോടു ബൈഡൻ പറഞ്ഞത്. യുഎസ് പ്രതിരോധ വകുപ്പായ പെന്റഗൺ കൈമാറിയ വിവരമാണിതെന്നും വിശദീകരിച്ചു.

പലസ്തീൻ സായുധസംഘടനയായ ഇസ്‍ലാമിക് ജിഹാദിന്റെ റോക്കറ്റ് ദിശ തെറ്റി പതിക്കുകയായിരുന്നുവെന്ന ഇസ്രയേലിന്റെ വാദത്തെ പിന്തുണയ്ക്കുന്ന പ്രസ്താവനയായി ബൈഡന്റേത്. ഈജിപ്ത് വഴി ഗാസയിലേക്കുള്ള യുഎസ് സഹായവിതരണത്തിലുടനീളം പരിശോധന വേണമെന്നും ഹമാസ് അതു കൈക്കലാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് ജോർദാനിലെ ഉച്ചകോടിയിൽനിന്നു പിന്മാറുന്നതായി ഇതിനുപിന്നാലെ പ്രഖ്യാപനം വന്നു. ജോർദാനിലെ അബ്ദുല്ല രാജാവും ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയുമായിരുന്നു കൂടിക്കാഴ്ച നടത്താനിരുന്ന മറ്റു നേതാക്കൾ. യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചല്ലാതെ മറ്റൊന്നും ഇനി ചർച്ച ചെയ്തിട്ടു കാര്യമില്ലാത്തതു കൊണ്ടാണ് ഉച്ചകോടി റദ്ദാക്കിയതെന്ന് ജോർദാൻ വിദേശകാര്യമന്ത്രി അയ്മാൻ സഫാദി പ്രഖ്യാപിച്ചു.

യുഎസ് ഇസ്രയേലിനൊപ്പമാണെന്ന് ലോകത്തോട് ഉറക്കെ പറഞ്ഞുകൊണ്ടുള്ള ബൈഡന്റെ സന്ദർശനം ആഴത്തിൽ സ്പർശിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രതികരിച്ചു. നെതന്യാഹുവിന്റെ ക്ഷണമനുസരിച്ചായിരുന്നു ബൈഡന്റെ ടെൽ അവീവ് സന്ദർശനം. റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ ഒന്നാം വാർഷികത്തിൽ യുക്രെയ്നിനു പിന്തുണയുമായി ബൈഡൻ കീവ് സന്ദർശിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.