1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2024

സ്വന്തം ലേഖകൻ: നവംബർ അഞ്ചിന് നടക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 2020-ലെ ‘ബൈഡൻ v/s ട്രംപ്’ അങ്കം ആവർത്തിക്കുമോ ഇല്ലയോ? യു.എസിൽ ഇപ്പോഴത്തെ പ്രധാനചർച്ച ഇതാണ്. വ്യാഴാഴ്ച നടന്ന ആദ്യ ടെലിവിഷൻ സംവാദത്തിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനുമുന്നിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ബൈഡൻ കുഴങ്ങിയതോടെയാണ് ഈ ചർച്ച ഉടലെടുത്ത്.

ബൈഡൻ നടത്തിയ മോശം പ്രകടനം അദ്ദേഹത്തെ മത്സരരംഗത്തുനിന്ന് മാറ്റണമെന്ന ആവശ്യം പാർട്ടിക്കകത്തും പുറത്തും ശക്തമാക്കി. പലപ്പോഴും ഇടറിയ ശബ്ദത്തിൽ അവ്യക്തമായി മറുപടി പറഞ്ഞ ബൈഡന് ചിലസമയം വാക്കുകൾ കിട്ടിയതുമില്ല. നാക്കു കുഴയുകയും ചെയ്തു. അതോടെ 81-കാരനായ ബൈഡന്റെ പ്രായാധിക്യത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. മത്സരത്തിൽനിന്ന് ബൈഡൻ പിന്മാറണമെന്ന് പ്രമുഖപത്രമായ ‘ന്യൂയോർക്ക് ടൈംസ്’ എഴുതി.

പാർട്ടി പ്രൈമറികളിലൂടെ ബൈഡൻ സ്ഥാനാർഥിത്വം ഉറപ്പിച്ചുകഴിഞ്ഞു. ഔദ്യോഗികപ്രഖ്യാപനം ഓഗസ്റ്റിൽ ഷിക്കാഗോയിൽ നടക്കുന്ന ഡെമോക്രാറ്റിക് പാർട്ടി സമ്മേളനത്തിലേ ഉണ്ടാകൂ. അപ്പോഴേക്കും ട്രംപിനെതിരേ മത്സരിക്കാൻ ബൈഡനുപകരം പുതിയ ആളെ ഡെമോക്രാറ്റിക് പാർട്ടി ഇറക്കിയേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ യു.എസിന്റെ ആധുനിക രാഷ്ട്രീയചരിത്രത്തിലെ ആദ്യസംഭവമാകുമത്.

മുൻ പ്രഥമവനിത മിഷേൽ ഒബാമ സ്ഥാനാർഥിയാകണമെന്ന ആവശ്യമുയരുന്നു. എന്നാൽ, സ്ഥാനാർഥിയാകാൻ സാധ്യതയുള്ളവരെന്നു പറഞ്ഞ് അന്താരാഷ്ട്രമാധ്യമങ്ങൾ നൽകിയ പട്ടികയിൽ അവരില്ല. അതേസമയം സംവാദത്തിനുപിന്നാലെ പ്രായാധിക്യമുൾപ്പെടെ തനിക്കെതിരേ ഉയർന്ന ആരോപണങ്ങൾ ജോ ബൈഡൻ നിഷേധിച്ചു. മത്സരരംഗത്തുനിന്ന് പിന്മാറണമെന്ന ആവശ്യവും അദ്ദേഹം തള്ളിക്കളഞ്ഞു. ഡൊണാൾഡ് ട്രംപ് ജനാധിപത്യത്തെ തകർക്കുന്നതിനെ തടയുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.

ബൈഡനെതിരേ ന്യൂയോർക്ക് ടൈംസും രംഗത്തെത്തി. തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന ആദ്യ ടെലിവിഷൻ സംവാദത്തിൽ ദാരുണപ്രകടനം നടത്തിയ പ്രസിഡന്റ് ജോ ബൈഡൻ മത്സരത്തിൽനിന്നു പിന്മാറണമെന്ന് ‘ന്യൂയോർക്ക് ടൈംസ്’ പത്രം ആവശ്യപ്പെട്ടു. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായ മുൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുമുന്നിൽ ബൈഡൻ പതറിയത് ഡെമോക്രാറ്റിക് പാർട്ടിയിൽ ആശങ്കയുയർത്തിയിരിക്കുമ്പോഴാണ് പ്രമുഖ പത്രത്തിന്റെ ആവശ്യം.

പിൻമാറുന്നുവെന്ന പ്രഖ്യാനപമാണ് ബൈഡനുചെയ്യാവുന്ന ഏറ്റവും വലിയ പൊതുജനസേവനമെന്ന് പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡ് പ്രസ്താവിച്ചു. ബൈഡനോട് ഇങ്ങനെയൊരാവശ്യമുന്നയിച്ച ആദ്യ യു.എസ്. പത്രമാണ് ന്യൂയോർക്ക് ടൈംസ്. ‘വോൾ സ്ട്രീറ്റ് ജേണൽ’, ‘ഫിനാൻഷ്യൽ ടൈംസ്’, ‘അറ്റ്‌ലാന്റിക്’ എന്നീ പ്രസിദ്ധീകരണങ്ങൾ സമാന ആവശ്യമുൾക്കൊള്ളുന്ന ലേഖനങ്ങൾ നൽകി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.