സ്വന്തം ലേഖകൻ: ദൈവം നേരിട്ടുവന്നു പറഞ്ഞാലേ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് താൻ പിൻമാറൂ എന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകുന്നതിൽനിന്ന് പിന്മാറും എന്നതരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ എ.ബി.സി. ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ബൈഡൻ നയം വ്യക്തമാക്കിയത്.
ഊഹാപോഹങ്ങൾ നിരാകരിച്ച അദ്ദേഹം ആരോഗ്യത്തെക്കുറിച്ചുള്ള സംശയങ്ങളും തള്ളി. റിപ്പബ്ലിക്കൻ പാർട്ടിസ്ഥാനാർഥി ഡൊണാൾഡ് ട്രംപുമായി നടന്ന ആദ്യ ടെലിവിഷൻ സംവാദസമയത്ത് ക്ഷീണിതനും അവശനുമായിരുന്നു. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ അലട്ടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ട്രംപുമായുള്ള സംവാദത്തിലെ മോശം പ്രകടനത്തിനു പിന്നാലെയാണ് പ്രസിഡന്റ് സ്ഥാനാർഥിയാകുന്നതിൽനിന്ന് ബൈഡൻ പിന്മാറണമെന്ന ആവശ്യവുമായി ഡെമോക്രാറ്റിക് പാർട്ടിനേതാക്കളിൽ പലരും രംഗത്തുവന്നത്. പാർട്ടിയുടെ പ്രധാനനേതാക്കളാരും തന്നോട് പിന്മാറാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തെ നയിക്കുന്നത് താനാണെന്നും പ്രസിഡന്റാകാൻ തന്നെക്കാൾ യോഗ്യൻ മറ്റാരുമില്ലെന്നും 22 മിനിറ്റുനീണ്ട അഭിമുഖത്തിൽ ബൈഡൻ അവകാശപ്പെട്ടു. അതേസമയം മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല