സ്വന്തം ലേഖകൻ: വൈറ്റ് ഹൗസില്‍ പത്രസമ്മേളനം നടത്തുന്നതിനിടെ ഫോക്സ് ന്യൂസിന്റെ മാധ്യമപ്രവര്‍ത്തകനെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അസഭ്യം പറയുന്നത് ലൈവായി ജനം കേട്ടു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തിങ്കളാഴ്ചയായിരുന്നു സംഭവം. പരിപാടി കഴിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ മുറിയില്‍ നിന്ന് ഇറങ്ങുമ്പോള്‍, ഫോക്‌സ് ന്യൂസിലെ ഒരു റിപ്പോര്‍ട്ടര്‍, വിലക്കയറ്റം ഒരു രാഷ്ട്രീയ ബാധ്യതയാണോ എന്ന് ചോദ്യം ബൈഡനോട് ഉന്നയിച്ചു.
എന്നാല്‍ തന്റെ മുന്നിലുള്ള മൈക്ക് ഓണ്‍ ആണെന്ന് അറിയാതെ ‘സ്റ്റുപിഡ്, സണ്‍ ഓഫ് എ ബിച്ച്’ എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ചോദ്യത്തോട് പ്രതികരിച്ചത്. എന്നാല്‍ അപ്പോള്‍ മുറിയിലെ ബഹളത്തിനിടയില്‍ യഥാര്‍ത്ഥത്തില്‍ ബൈഡന്‍ പറഞ്ഞത് എന്താണെന്ന് കോള്‍ക്കാനായില്ലെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു റിപ്പോര്‍ട്ടര്‍ പറഞ്ഞു.
പിന്നീട് ഫോക്സില്‍ നല്‍കിയ അഭിമുഖത്തില്‍ അപമാനം നേരിട്ട മാധ്യമപ്രവര്‍ത്തകന്‍ പീറ്റര്‍ ഡൂസി സംഭവത്തെക്കുറിച്ച് പ്രതികരിച്ചു. ആരും ഇതുവരെ പ്രസിഡന്റ് പറഞ്ഞ കാര്യത്തെ ഫാക്ട് ചെക്ക് ചെയ്തതായി കണ്ടില്ലെന്നും പരിഹാസരൂപേണ പറഞ്ഞു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഒന്നാകെ ഡൂസിയെ അനുകൂലിച്ചും ബൈഡനെതിരെയും പോസ്റ്റുകള്‍ വന്നുതുടങ്ങിയിരുന്നു.
സംഭവം വിവാദമായതോടെ ഒരു മണിക്കൂറിനുള്ളില്‍ ബൈഡന്‍ തന്നെ വിളിക്കുകയും ‘ഇത് വ്യക്തിപരമായി എടുക്കേണ്ടതില്ല സുഹൃത്തേ’ എന്ന് തന്നോട് പറഞ്ഞതായും പീറ്റര്‍ ഡൂസി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. മുന്‍പ് ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കുമ്പോള്‍ ഉടനെ തന്നെ വാക്കുകള്‍ പിന്‍വലിക്കാനോ വിശദീകരണം നല്‍കാനോ ശ്രമിക്കുന്ന വൈറ്റ് ഹൗസ് പക്ഷെ ഈ വിഷയത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തിയില്ലെന്നത് ശ്രദ്ധേയമാണ്.
ബൈഡന്റെ വിവാദ പരാമര്‍ശം ഉള്‍പ്പെടുന്ന പരിപാടിയുടെ ട്രാന്‍സ്‌ക്രിപ്റ്റ് പുറത്തുവന്നതോടെ ഈ പരാമര്‍ശം ഔദ്യോഗിക ചരിത്രരേഖയുടെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല