1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2024

സ്വന്തം ലേഖകൻ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിയ്ക്കുനേരെയുണ്ടായ വധശ്രമത്തില്‍ പ്രതികരണവുമായി യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്കുനേരെയുണ്ടായ ആക്രമണത്തിനുശേഷം അമേരിക്കക്കാര്‍ നല്‍കിയ പിന്തുണയ്ക്കും സ്‌നേഹത്തിനും അദ്ദേഹം നന്ദിപറഞ്ഞു. ദൈവത്തിന്റെ ഇടപെടലാണ് തന്റെ ജീവന്‍ തിരിച്ചുനല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. മില്‍വോക്കിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അക്രമിയുടെ വെടിയുണ്ട ഒരിഞ്ചിന്റെ നാലിലൊന്ന് മാറിയിരുന്നെങ്കില്‍ എന്റെ ജീവനെടുക്കുമായിരുന്നു. ഇതിനേക്കുറിച്ച് സംസാരിക്കുന്നത് വളരെയധികം വേദനാജനകമാണ്. ആക്രമിക്കപ്പെടുകയാണെന്നും വെടിയുണ്ട ഏറ്റതായും ഞാന്‍ മനസ്സിലാക്കി. എന്നാല്‍, ഞാന്‍ സുരക്ഷിതനാണെന്ന് എനിക്കുറപ്പുണ്ടായിരുന്നു. കാരണം, ദൈവം എന്നോടൊപ്പമുണ്ട്. വെടിയുണ്ടകള്‍ പാഞ്ഞുവരുമ്പോഴും ഞാന്‍ ശാന്തനായിരുന്നു. ജനങ്ങള്‍ എന്നെ സ്‌നേഹിക്കുന്നു, അതുകൊണ്ട് അവരാരും ഭയപ്പെട്ട് ഓടിയില്ല. എന്റെ ലക്ഷ്യങ്ങളില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ഒന്നിനും സാധ്യമല്ല’, ട്രംപ് പറഞ്ഞു.

അമേരിക്കക്കാര്‍ക്കുവേണ്ടിയല്ല, താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് മുഴുവന്‍ അമേരിക്കയ്ക്കും വേണ്ടിയാണെന്ന് ട്രംപ് പറഞ്ഞു. നാലുമാസത്തിനുള്ളില്‍ ഞങ്ങള്‍ അവിശ്വസനീയമായ വിജയം നേടും. എല്ലാ വിഭാഗത്തിലുംപെട്ട ജനങ്ങള്‍ക്കും എല്ലാ മതവിശ്വാസികള്‍ക്കും സമാധാനത്തിന്റെയും സമൃദ്ധിയുടെയും പുതുയുഗം വരും, ട്രംപ് പറഞ്ഞു.

ശനിയാഴ്ച പെന്‍സില്‍വേനിയയില്‍നടന്ന പ്രചാരണത്തിനിടെയാണ് വലതുചെവിയില്‍ ട്രംപിന് വെടിയേറ്റത്. ചെവിയിലും മുഖത്തും ചോരപുരണ്ട ട്രംപ് മുഷ്ടിയുയര്‍ത്തി ‘പോരാടൂ’ എന്ന് പറഞ്ഞ് വേദിവിട്ടു. ചികിത്സയിലായതിനാല്‍ മില്‍വോക്കിയില്‍ നടക്കുന്ന റിപ്പബ്ലിക്കന്‍ ദേശീയസമ്മേളനത്തില്‍ വ്യാഴാഴ്ചയേ പങ്കെടുക്കൂ എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. പക്ഷേ, ചൊവ്വാഴ്ച ചെവിയില്‍ ബാന്‍ഡേജ് ധരിച്ച് ട്രംപ് സമ്മേളനത്തിനെത്തി. മൂന്നുദിവസും അവിടെ ചെലവിട്ടു.

അതിനിടെ, ട്രംപിനെ വധിക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയംഗവും 20-കാരനുമായ തോമസ് മാത്യു ക്രൂക്കിനെ പ്രേരിപ്പിച്ചതെന്തെന്ന് കണ്ടെത്താന്‍ എഫ്.ബി.ഐ.ക്കോ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കോ സാധിച്ചിട്ടില്ല.

അതേസമയം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍നിന്നുമുള്ള സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്നു പിന്മാറാന്‍ ജോ ബൈഡന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ ആഴ്ച അവസാനത്തോടെ ബൈഡന്‍ പിന്മാറുമോ ഇല്ലയോയെന്ന് അറിയാമെന്നാണ് വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നവംബര്‍ അഞ്ചിന് തനിക്ക് വിജയിക്കാന്‍ സാധിക്കില്ലെന്ന് ബൈഡന്‍ അംഗീകരിച്ച് തുടങ്ങിയതായും ഒരുപക്ഷേ ബൈഡന്‍ പിന്മാറിയേക്കാമെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് കഴിഞ്ഞദിവസം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബൈഡനു പകരം സ്ഥാനാര്‍ത്ഥിയായി വൈസ് പ്രസിഡന്റ് കമല ഹാരിസിനെ പ്രഖ്യാപിച്ചാല്‍ അതിശയിക്കേണ്ടതില്ലെന്നുള്ള പ്രതികരണങ്ങളും ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍നിന്ന് വരുന്നുണ്ട്.

ബൈഡൻ പിന്മാറണമെന്ന മുൻ സ്പീക്കർ നാന്‍സി പെലോസിയുടെ പ്രതികരണം, പുതിയ പോള്‍ ഫലം, പ്രധാനപ്പെട്ട പാര്‍ട്ടി ദാതാക്കളുടെ പിന്‍വാങ്ങല്‍ തുടങ്ങിയ ഘടകങ്ങളാണ് ബൈഡനു തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ആശങ്കകള്‍ക്കു കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.