1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2024

സ്വന്തം ലേഖകൻ: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ യു.എസ്. പ്രസിഡന്റുമായ ജോ ബൈഡന്‍ പിന്മാറി. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടിയുടേയും രാജ്യത്തിന്റേയും താത്പര്യം മുൻനിർത്തിയാണ് തീരുമാനമെന്ന് ബൈഡൻ വ്യക്തമാക്കി. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപുമായി ജൂണില്‍ നടന്ന സംവാദത്തിലെ ദുര്‍ബലമായ പ്രകടനത്തെ തുടര്‍ന്ന് സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറാന്‍ ജോ ബൈഡനുമേല്‍ പാര്‍ട്ടിയില്‍നിന്ന് വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു.

സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായി വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനെ ജോ ബൈഡൻ നിർദേശിച്ചു. കമലയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായി അദ്ദേഹം എക്സിൽ കുറിച്ചു. ഒന്നിച്ചുനിന്ന് ട്രംപിനെ തോൽപ്പിക്കണമെന്നും ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണയ്ക്കുന്നവരോട് അദ്ദേഹം ആഹ്വാനം ചെയ്തു. കമല ഹാരിസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ബൈഡന്റെ ട്വീറ്റ്. കമല ഹാരിസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഓൺലൈനായി സംഭാവന ചെയ്യാനുള്ള ലിങ്കും ബൈഡൻ എക്സിൽ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ മൂന്നരവര്‍ഷംകൊണ്ട് യു.എസ്. വലിയ മുന്നേറ്റമുണ്ടാക്കിയെന്നും ഇന്ന് ലോകത്തെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥ അമേരിക്കയുടേതാണെന്നും, പിന്മാറ്റം പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താക്കുറിപ്പില്‍ ജോ ബൈഡന്‍ പറഞ്ഞു. സുപ്രീം കോടതിയില്‍ ആദ്യമായി ഒരു അമേരിക്കന്‍-ആഫ്രിക്കന്‍ വനിതയെ നിയമിച്ചതും കോവിഡ് കാലത്തെ മറികടന്നതും ഉള്‍പ്പടെയുള്ള നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞശേഷമാണ് താന്‍ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറുകയാണെന്ന് ബൈഡന്‍ പ്രഖ്യാപിച്ചത്.

ഈ ആഴ്ച തന്നെ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നും സ്ഥാനാര്‍ഥിത്വത്തില്‍നിന്നുള്ള പിന്മാറ്റത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അപ്പോള്‍ പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പ്രവര്‍ത്തനങ്ങളിലെ ഏറ്റവും മികച്ച പങ്കാളിയാണ് വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്ന് പറഞ്ഞ ബൈഡന്‍ അവര്‍ക്ക് നന്ദി പറഞ്ഞു. ഒന്നിച്ചുനിന്നാല്‍ അമേരിക്കയ്ക്ക് ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ലെന്നാണ് താന്‍ വിശ്വസിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ബൈഡന്‍ തന്റെ വാര്‍ത്താക്കുറിപ്പ് അവസാനിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.