
സ്വന്തം ലേഖകൻ: നവാഗതനായ ബിനോ അഗസ്റ്റിൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബിഗ് ബെൻ എന്ന ചിത്രം യുകെയുടെ പശ്ചാത്തലത്തിൽ മലയാളി കുടുംബങ്ങൾ നേരിടുന്ന ചില പ്രശ്നങ്ങളിലേക്കും അതിജീവനത്തിനായുള്ള പോരാട്ടവും ചർച്ച ചെയ്യുന്നു. യുകെ നഗരങ്ങളായ ലണ്ടൻ, മാഞ്ചസ്റ്റർ, ലിവർപൂൾ, അയർലൻ്റ് തുടങ്ങിയ സ്ഥലങ്ങളിൽ ജീവിക്കുന്ന മലയാളി കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് ബിഗ് ബെൻ ഒരുക്കിയിരിക്കുന്നത്.
ലണ്ടൻ നഗരത്തിൽ നഴ്സായി ജോലി നോക്കുന്ന ലൗലി എന്ന പെൺകുട്ടി തൻ്റെ കുഞ്ഞിനേയും ഭർത്താവിനേയും ഇവിടേക്കു കൊണ്ടുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ നാടിൻ്റെ സംസ്കാരവും, ആചാരാനുഷ്ഠാനങ്ങളും, നിയമ വ്യവസ്ഥകൾക്കുമെല്ലാം പ്രാധാന്യം നൽകിയുള്ള അവതരണരീതിയാണ് സംവിധായകൻ ബിനോ അഗസ്റ്റിൻ ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്.
ലൗലി എന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അതിഥി രവിയാണ്. അനു മോഹനാണ് ഭർത്താവ് ജീൻ ആൻ്റണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനയ് ഫോർട്ട്, വിജയ് ബാബു, ജാഫർ ഇടുക്കി, ചന്തുനാഥ്, ബിജു സോപാനം, മിയാ ജോർജ്, എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളെ കൈകാര്യം ചെയ്യുന്നത്. കൂടാതെ യുകെയിലെ നിരവധി മലയാളി കലാകാരന്മാരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
തികഞ്ഞ ഒരു ഫാമിലി ത്രില്ലറാണ് ഈ ചിത്രം. ഹരിനാരായണൻ്റെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ജൂൺ 28ന് തിയേറ്ററുകളിലെത്തും. പശ്ചാത്തല സംഗീതം – അനിൽ ജോൺസ്, ഛായാഗ്രഹണം- സജാദ് കാക്കു. എഡിറ്റിംഗ് -റിനോ ജേക്കബ്ബ്, കലാസംവിധാനം -അരുൺ വെഞ്ഞാറമൂട്, അസ്സോസ്സിയേറ്റ് ഡയറക്ടർ – കൊച്ചു റാണി ബിനോ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ കെ ജെ വിനയൻ, മാർക്കറ്റിംഗ് – കണ്ടൻ്റ് ഫാക്ടറി മീഡിയാ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് -വൈശാലി, ഉദരാജൻ പ്രഭു, നിർമ്മാണ നിർവഹണം – സഞ്ജയ്പാൽ, ഗിരിഷ് കൊടുങ്ങല്ലുർ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല