ആന്ധ്രാപ്രദേശ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസിന് തകര്‍പ്പന്‍ വിജയം. പതിനെട്ട് നിയമസഭാമണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 15 സീറ്റും വൈ.എസ്.ജഗന്‍മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്‌ആര്‍ കോണ്‍ഗ്രസ് നേടി. രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസും ഒരു സീറ്റ് തെലങ്കാന രാഷ്ട്രസമിതിയും (ടിആര്‍എസ്) നേടി. നെല്ലൂര്‍ ലോക്സഭാസീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വൈഎസ്‌ആര്‍ സ്ഥാനാര്‍ത്ഥി മെകപതി രാജമോഹന്‍ റെഡ്ഡി മുപ്പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു. വൈഎസ്‌ആര്‍ കോണ്‍ഗ്രസിന് പതിനാറില്‍ കൂടുതല്‍ സീറ്റുകള്‍ കിട്ടുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. കനത്ത സുരക്ഷാസംവിധാനങ്ങള്‍ക്കിടെയായിരുന്നു വോട്ടെണ്ണല്‍ നടന്നത്. വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും വിജയം ആഘോഷിച്ചു.
വൈഎസ്‌ആര്‍ കോണ്‍ഗ്രസ് നേതാവ് വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് പാര്‍ട്ടിയുടെ ഉജ്ജ്വലവിജയം. ജഗന്റെ അമ്മയും പാര്‍ട്ടി അധ്യക്ഷയുമായ വിജയലക്ഷ്മിയും സഹോദരി ഷര്‍മ്മിളയും ജഗന്‍ കഴിയുന്ന ചഞ്ചല്‍ഗുഡ ജയിലില്‍ എത്തി അഭിനന്ദനമറിയിച്ചു. കോണ്‍ഗ്രസിനും ടിഡിപിക്കുമുള്ള മറുപടിയാണ് തെരഞ്ഞെടുപ്പ് വിജയമെന്ന് ഷര്‍മ്മിള പ്രതികരിച്ചു. ജഗന്റെ അഭാവത്തില്‍ അമ്മയും സഹോദരിയുമാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. രാജിവച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് വൈഎസ്‌ആര്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ജഗന്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് രൂപീകരിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എമാര്‍ രാജിവച്ച് ജഗനൊപ്പം ചേര്‍ന്നതിനാലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. വൈഎസ്‌ആര്‍ കോണ്‍ഗ്രസ് രൂപീകരിച്ചതിന് ശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പ് എന്ന നിലയില്‍ ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പ് ഏറെ ശ്രദ്ധേയമായിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയെ സിബിഐ അറസ്റ്റ് ചെയ്തതും വിവാദമായി. തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് അറസ്റ്റെന്നായിരുന്നു വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്റെ പ്രചാരണം.
പ്രധാന എതിരാളിയായ കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടി നല്‍കിയാണ് തെരഞ്ഞെടുപ്പില്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയത്. 294 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനിപ്പോള്‍ 154 അംഗങ്ങള്‍ മാത്രമാണുള്ളത്. തെരഞ്ഞെടുപ്പ് ഫലത്തെത്തുടര്‍ന്ന് ആന്ധ്രാമുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അടിയന്തരയോഗം ചേര്‍ന്നു. തെരഞ്ഞെടുപ്പ് ഫലം മുഖ്യപ്രതിപക്ഷമായ തെലുങ്ക് ദേശം പാര്‍ട്ടിക്കും വന്‍ തിരിച്ചടിയായി. ഉപതെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാന്‍ ടിഡിപിക്ക് കഴിഞ്ഞില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല