2011 ന്റെ ആദ്യപകുതിയും ഓണം-റംസാന്‍ റിലീസുകളും മലയാള സിനിമയില്‍ തണുപ്പന്‍ പ്രതികരണങ്ങള്‍ സൃഷ്‌ടിച്ചെങ്കില്‍ ഇനി ബിഗ് റിലീസുകളുടെ നാളുകള്‍ വരുന്നു. അതില്‍ത്തന്നെ മെഗാ – സൂപ്പര്‍ – ആക്‌ഷന്‍ ഹീറോ – ജനപ്രിയന്‍ – കുടുംബങ്ങളുടെ പ്രിയന്‍ – സൂപ്പറിലേക്ക് നടന്നടുക്കുന്നവന്‍ തുടങ്ങി മലയാളസിനിമയിലെ ശ്രദ്ധേയ നായകരുടെ ചിത്രങ്ങളാണ് വരുന്നത്. ആദ്യപകുതിയിലെ മങ്ങിയ പ്രകടനം ഓണം റിലീസുകളോടെ മാറുമെന്ന് കരുതിയിരുന്നുവെങ്കിലും ഓണം റിലീസിന് പറഞ്ഞിരുന്ന പ്രധാന ചിത്രങ്ങളായ `ദി കിംഗ് ആന്‍ഡ് ദി കമ്മീഷ്‌ണര്‍’, `മിസ്‌റ്റര്‍ മരുമകന്‍’ , `കാസനോവ’ തുടങ്ങിയ ചിത്രങ്ങള്‍ എത്താതിരുന്നത് ഉത്‌സവകാലം തണുപ്പനാക്കി. ഓണം റിലീസുകളില്‍ ശ്രദ്ധേയ സംവിധായകരായ ജോഷിയും ബ്ലെസിയും ചിത്രങ്ങളുമായി എത്തിയിരുന്നുവെങ്കിലും ബ്ലെസിയുടേത് ആര്‍ട്ട് ചിത്രവും ജോഷിയുടേയ് സാധാരണയില്‍നിന്ന് വ്യത്യസ്‌തമായി യുവനിരചിത്രവുമായിരുന്നു.
ഈ കുറവെല്ലാം പരിഹരിക്കാന്‍ ബിഗ് താരങ്ങളുടെയും ഹിറ്റ്‌മേക്കര്‍മാരായ സംവിധായകരുടെയും ചിത്രങ്ങളാണ് ഇനി വരുന്നത്. മോഹന്‍ലാല്‍ – സത്യന്‍ അന്തിക്കാട് ചിത്രം `സ്‌നേഹവീട്’. മോഹന്‍ലാലിന്റെ മൂന്നൂറാമത് ചിത്രം, കുടുംബങ്ങളുടെ പ്രിയപ്പെട്ട സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രം, മുന്‍കാല നായികതാരം ഷീലയുടെ സാന്നിധ്യം എന്നിവയെല്ലാം ഈ ചിത്രത്തിന്റെ പ്രതീക്ഷകളാണ്. പത്‌മപ്രിയയാണ് നായിക. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ഇളയരാജ സംഗീതം നല്‍കിയിരിക്കുന്നു. ക്യാമറ – വേണു. ഒക്‌ടോറില്‍ ചിത്രം തീയറ്ററുകളിലെത്തും.
ജനപ്രിയനായകന്‍ ദിലീപ് നായകനാകുന്ന ചിത്രം `മിസ്‌റ്റര്‍ മരുമകന്‍’ ഒക്‌ടോബര്‍ 26 ന് റിലീസ് പറഞ്ഞിരിക്കുന്നു. ബാലതാരം സനുഷ മലയാളത്തില്‍ നായികയായി എത്തുന്ന ചിത്രം, തമിഴ്‌താരങ്ങളായ ഭാഗ്യരാജ്, ഖുഷ്‌ബു തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രം, ഒരു പാട്ടുസീനില്‍ ദിലീപിനൊപ്പം പത്തുനായികമാര്‍ എത്തുന്ന ചിത്രം എന്നീ പ്രത്യേകതകളോടെയാണ് `മിസ്‌റ്റര്‍ മരുമകന്‍’ വരുന്നത്.
വര്‍ണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ മഹ സുബൈര്‍ നിര്‍മ്മിക്കുന്ന ചിത്രം സന്‌ധ്യാമോഹന്‍ സംവിധാനം ചെയ്യുന്നു. സിബി കെ തോമസ് – ഉദയ്‌കൃഷ്‌ണ ജോടികളുടേതാണ് ചിത്രത്തിന് കഥ. സലിം കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, നെടുമുടിവേണു, ബിജു മേനോന്‍ തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രത്തില്‍ സനുഷ മഴയില്‍ കുളിക്കുന്ന പാട്ടുസീനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജയറാമിനെ നായകനാക്കി ജയരാജ് സംവിധാനം ചെയ്യുന്ന `നായിക’യും എതുന്നു. ചിത്രത്തില്‍ മുന്‍കാല നായികതാരം ഉര്‍വശിശാരദ, മുതിര്‍ന്ന നടന്‍ മധു തുടങ്ങിയവര്‍ അഭിനയിക്കുന്നു. പത്‌മപ്രിയയാണ് ചിത്രത്തില്‍ ജയറാമിന് ജോടി. ശ്രീകുമാര്‍തമ്പി – അര്‍ജുന്‍ മാസ്‌റ്റര്‍ എന്നിവരുടെ ഹിറ്റ് ഗാനമായ `കസ്‌തൂരി മണക്കുന്നല്ലോ കാറ്റേ…’ എന്ന സൂപ്പര്‍ഗാനവും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വ്യത്യസ്‌തമായ ചിത്രങ്ങളുടെ സംവിധായകന്‍ രഞ്‌ജിത് പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന `ഇന്ത്യന്‍ റുപ്പി’യും ഒക്‌ടോബര്‍ റിലീസാണ് പറഞ്ഞിരിക്കുന്നത്. തിലകന്‍, റിമാ കല്ലിങ്കല്‍, രേവതി തുടങ്ങിയവരും പ്രധാനവേഷങ്ങള്‍ ചെയ്യുന്ന ചിത്രം പൃഥ്വിരാജ് പങ്കാളിയായ ആഗസ്‌റ്റ് സിനിമാസ് ആണ് നിര്‍മ്മിക്കുന്നത്.
നവംബര്‍ മാസത്തില്‍ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെ സിനിമകള്‍ വരുന്നു. ഹിറ്റ്‌സംവിധായകന്‍ ഷാഫിയൊരുക്കുന്ന `വെനീസിലെ വ്യാപാരി’ മമ്മൂട്ടിയുടെ മൂന്ന് വ്യത്യസ്‌തമായ ഗെറ്റപ്പിലുള്ളതാണ്. 80 കളിലെ ഒരു കയര്‍ വ്യാപാരിയുടെ വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്. `തൊമ്മനും മക്കളും’, `മായാവി’, `ചട്ടമ്പി നാട്’ തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം ഷാഫിയും മമ്മൂട്ടിയും ഒത്തുചേരുന്ന ചിത്രം. ജഗതി, സലിംകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും പ്രധാന അഭിനേതാക്കളാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട നായിക കാവ്യാമാധവന്‍ മമ്മൂട്ടിയുമോയി വീണ്ടും ചേരുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മുരളി ഫിലിംസിന്റെ ബാനറില്‍ മാധവന്‍ നായരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മോഹന്‍ലാലിനെ നായകനാക്കി സൂപ്പര്‍ സിനിമകളുടെ സംവിധായകന്‍ പ്രിയദര്‍ശന്‍ വര്‍ഷങ്ങളുടെ ഇടവേയ്‌ക്കുശേഷം ഒരുക്കുന്ന `അറബിയും ഒട്ടകവും പി മാധവന്‍ നായരും’ എത്തുന്നതും ഈ മാസംതന്നെ. മുകേഷ്, ഭാവന, ലക്ഷ്‌മിറായ്, ബോളിവുഡ് താരം ശക്‌തി കപൂര്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങള്‍ ചെയ്യുന്ന ചിത്രം അശോക് കുമാര്‍, ജമാല്‍ അല്‍ നുയാമി എന്നിവര്‍ ചേര്‍നാണ് നിര്‍മ്മിക്കുന്നത്. എം.ജി. ശ്രീകുമാര്‍ സംഗീതം നിര്‍വഹിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ഡിസംബറിന്റെ വലിയ പ്രത്യേകതയുമായി മള്‍ട്ടിസ്‌റ്റാര്‍ ചിത്രം `ദി കിംഗ് ആന്‍ഡ് ദി കമ്മീഷ്‌ണര്‍’ എത്തുന്നു മുന്‍കാല ഹിറ്റുകളായ `ദി കിംഗി’ന്റെയും `കമ്മീഷണറു’ടെയും രണ്ടാംഭാഗമായി എത്തുന്ന ചിത്രം രഞ്‌ജിപണിക്കരുടെ കഥയില്‍ ഷാജി കൈലാസ് സംവിധാനം. എംപറര്‍ സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവൃതാസുനില്‍, ജനാര്‍ദ്ദനന്‍, ദേവന്‍, കെ.പി.എ.സി ലളിത, സഞ്‌ജന തുടങ്ങിയവരും പ്രധാനവേഷങ്ങള്‍ ചെയ്യുന്നു.
ഡിസംബര്‍ മാസത്തില്‍ ജോണി ആന്റണി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ `മാസ്‌റ്റേസ്’ വരുന്നുണ്ട്. ഇതില്‍ തമിഴ്‌നടന്‍ ശശികുമാറും അഭിനയിക്കുന്നു. സിന്‍സിയര്‍ സിനിമാസിന്റെ ബാനറില്‍ ബി. ശരത്‌ചന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്. പിയാ ബാജ്‌പൈ, അനന്യ, ജഗതി ശ്രീകുമാര്‍, വിജയരാഘവന്‍, ബിജു മേനാന്‍ സിദ്ദിഖ് തുടങ്ങിയവരും പ്രധാനതാരങ്ങള്‍.
മോഹന്‍ലാലിന്റെ ക്രിസ്‌മസ് റിലീസായി `കാസനോവ’കൂടിയെത്തുന്നതോടെ ഈ വര്‍ഷത്തെ സിനിമാ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ നിറംപകരും. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം കോണ്‍ഫിഡന്‍റ് സിനിമാസിന്റെ ഡോ. റോയ് ആണ് നിര്‍മ്മിക്കുന്നത്. റോമ, ശ്രേയ ഉള്‍പ്പെടെ അനേകനായികമാരാണ് ചിത്രത്തിലുള്ളത്.
ലാല്‍ജോസ് – ദിലീപ് ചിത്രമായ `സ്‌പാനിഷ് മസാല’യും ഈ വര്‍ഷംതന്നെയെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഡാനിയേല, കുഞ്ചോബോബന്‍, ബിജുമേനോന്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങള്‍ചെയ്യുന്നു. സ്‌പെയിനിന്‍െറ മനോഹാരിതയും പകര്‍ത്തിയാണ് ചിത്രം എത്തുന്നത്. ഇങ്ങനെ പ്രധാന നായകര്‍ എത്തുന്ന ചിത്രങ്ങള്‍ കൂടാതെ `ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കുട്ട്’ പോലുള്ള യുവതാര ചിത്രങ്ങളും ഈ സമയംതന്നെ എത്തുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല