സ്വന്തം ലേഖകന്‍: മൂന്ന് വര്‍ഷത്തിനു ശേഷം കരിപ്പൂരില്‍നിന്ന് വലിയ വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതി. ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് നേരിട്ട് സര്‍വിസ് ആരംഭിക്കുന്നതിന് സൗദി എയര്‍ലൈന്‍സിനാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അനുമതി നല്‍കിയത്. സെപ്റ്റംബര്‍ അവസാനത്തോടെ സര്‍വിസുകള്‍ പുനരാരംഭിക്കാനാകുമെന്നാണ് സൂചന.
കൂടാതെ, ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് കരിപ്പൂരില്‍ പുനഃസ്ഥാപിക്കുമെന്നും സൂചനയുണ്ട്. സൗദിയക്ക് അനുമതി ലഭിച്ചതോടെ എയര്‍ ഇന്ത്യയും ജിദ്ദ സെക്ടറില്‍ സര്‍വിസ് ആരംഭിക്കും. റണ്‍വേ നവീകരണത്തിനും ബലപ്പെടുത്തുന്നതിനുമായി 2015 മേയ് ഒന്ന് മുതലാണ് കരിപ്പൂരില്‍നിന്ന് വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
മലബാറില്‍നിന്ന് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന ജിദ്ദ, റിയാദ്, ദുബൈ സെക്ടറിലാണ് ഒറ്റയടിക്ക് വലിയ വിമാനങ്ങളുടെ സര്‍വിസുകള്‍ പിന്‍വലിച്ചത്. ദുബൈയിലേക്ക് ചെറിയ വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വിസ് ആരംഭിച്ചെങ്കിലും ജിദ്ദ, റിയാദ് സെക്ടറില്‍ ഒരു വിമാനം പോലുമുണ്ടായിരുന്നില്ല.
പിന്നീട് 2016 ഡിസംബര്‍ മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് റിയാദിലേക്ക് ആരംഭിച്ചെങ്കിലും ചെറിയ വിമാനമായതിനാല്‍ ആവശ്യത്തിന് സീറ്റുകള്‍ ലഭ്യമായിരുന്നില്ല. സര്‍ക്കാറിന്റെ ദ്യോഗിക കണക്ക് പ്രകാരം 11.7 ലക്ഷത്തോളം പേര്‍ ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ വര്‍ഷത്തില്‍ ഒരു തവണ വരുന്നവരും ഒന്നിലധികം യാത്ര ചെയ്യുന്നവരുമുണ്ട്.
ഇവര്‍ കഴിഞ്ഞ മൂന്ന് വര്‍ഷവും നെടുമ്പാശ്ശേരിയെയാണ് ആശ്രയിച്ചത്. കൊച്ചിയില്‍ വിമാനം ഇറങ്ങിയതിന് ശേഷം അഞ്ച് മണിക്കൂറോളം കൂടുതല്‍ യാത്ര ചെയ്താണ് പ്രവാസികള്‍ വീട്ടിലെത്തിയിരുന്നത്. ഗള്‍ഫില്‍നിന്ന് മൃതദേഹം നാട്ടിലെത്തിക്കാനാണ് ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിച്ചത്. സര്‍വിസുകള്‍ പുനരാരംഭിക്കുന്നതോടെ ദുരിതങ്ങള്‍ക്കെല്ലാം പരിഹാരമാകും.
വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന ആവശ്യം വ്യാപകമായി പ്രവാസി സമൂഹം ഉയര്‍ത്തിയിരുന്നെങ്കിലും പലപ്പോഴും അധികൃതര്‍ വിലങ്ങുതടിയായതോടെ സര്‍വിസുകള്‍ അനന്തമായി നീണ്ടു. എയര്‍ ഇന്ത്യ 2002 മുതലും സൗദി എയര്‍ലൈന്‍സ് 2009 മുതലുമാണ് കരിപ്പൂരില്‍നിന്ന് വലിയ വിമാനങ്ങളുടെ സര്‍വിസ് ആരംഭിച്ചത്. ഇവ 2015 മുതല്‍ കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല