1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2011


ബ്രിട്ടന്‍ വീണ്ടുമൊരു മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമോ ? 2017ഓടെ പൊതുമേഖലയിലെ 710,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും, ഈവര്‍ഷത്തെ വളര്‍ച്ചാനിരക്ക് 0.9% മാത്രമാണ്, 2028ഓടെ പെന്‍ഷന്‍ പ്രായം 67 ആയി ഉയര്‍ത്തും, അന്താരാഷ്ട്ര സഹായനിധിയില്‍നിന്ന് ഒരു ബില്യണ്‍ പൗണ്ട് പിന്‍വലിക്കും, ജോലിക്കാരെ പിരിച്ചുവിടാനുള്ള നിയമങ്ങള്‍ സുതാര്യമാക്കും, പരിസ്ഥിതി സംരക്ഷണത്തിനുള്ള പണം ചുരുക്കും എന്നിങ്ങനെയുള്ള തീരുമാനങ്ങള്‍ ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ വീണ്ടുമൊരു മാന്ദ്യത്തെ ചാന്‍സലര്‍ മുന്‍കൂട്ടി കാണുന്നുണ്ട് എന്ന് വേണം കരുതാന്‍.

111 ബില്യണ്‍ പൗണ്ട് കടം വാങ്ങേണ്ടിവരും എന്ന വെളിപ്പെടുത്തലാണ് ജനങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. 2014- 15 കാലഘട്ടത്തില്‍തന്നെ 79 ബില്യണ്‍ പൗണ്ട് കടം വാങ്ങേണ്ടിവരും എന്നാണ് കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത് അക്ഷരാര്‍ത്ഥത്തില്‍ സഭയിലെ പ്രതിപക്ഷ പാര്‍്ട്ടി അംഗങ്ങളെവരെ ഞെട്ടിച്ചെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. തൊഴിലില്ലായ്മ നിരക്ക് 8.1 ല്‍നിന്ന് 8.7 എന്ന നിലയിലേക്ക് ഉയരുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമാന്ദ്യത്തില്‍നിന്ന് രക്ഷനേടാന്‍ ഒരു മാര്‍ഗ്ഗവും കാണുന്നില്ലെന്നാണ് ജോര്‍ജ് ഒസ്‌ബോണ്‍ സഭയില്‍ പറഞ്ഞത്

എന്തായാലും അവസാന പിടിവള്ളിയായി ചില പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കാന്‍ അദ്ദേഹം തീരുമാനിച്ചിരിക്കുകയാണ്.അതിന്‍റെ ഭാഗമായി രാജ്യത്തെ പൊതുമേഘലയിലെ ഏറ്റവും വലിയ പെന്‍ഷന്‍ വര്‍ദ്ധനവ് ഇന്നലെ പ്രഖ്യാപിച്ചു.നിലവിലുള്ള പെന്‍ഷനില്‍ 5.2 ശതമാനം വര്‍ദ്ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇതോടെ അടിസ്ഥാന പെന്‍ഷനില്‍ ഏപ്രില്‍ മുതല്‍ ആഴ്ചയില്‍ 5.3 പൗണ്ട് മുതല്‍ 107.45 പൗണ്ട് വര്‍ദ്ധനവുണ്ടാകാന്‍ പോകുന്നത്. പെന്‍ഷന്‍ വര്‍ദ്ധനവ് മൂലം പെന്‍ഷന്‍ കടം ആഴ്ചയില്‍ 5.35 പൗണ്ട് വീതം വര്‍ദ്ധിക്കുമെങ്കിലും പെന്‍ഷന്‍കാര്‍ തങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടുകളിലേക്ക് ഈ പണം നിക്ഷേപിക്കാന്‍ സാധ്യതയുള്ളതിനാല്‍ അത് സര്‍ക്കാരിന് തിരിച്ചു ലഭിക്കുമെന്നാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ കണക്കു കൂട്ടല്‍.

പെന്‍ഷന്‍ വര്‍ദ്ധനവ് സാധാരണക്കാരുടെ സാമ്പത്തിക ഞെരുക്കത്തെ ഒരു പരിധിവരെ പരിഹരിക്കുമെന്നും ഒസ്‌ബോണ്‍ പാര്‍ലമെന്റില്‍ അറിയിച്ചു. കൂടാതെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് എത്രയും വേഗം സാധാരണക്കാരെ മോചിതരാക്കാന്‍ പെട്രോള്‍ വിലയിലെ തീരുവ എടുത്തു കളയുകയും ട്രെയിന്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

യൂറോ സോണ്‍ പ്രതിസന്ധിയും ആഗോള സാമ്പത്തിക മാന്ദ്യവും മൂലം ഈ വര്‍ഷം സാമ്പത്തിക വളര്‍ച്ച 0.9 ശതമാനം കുറവായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ അടുത്ത വര്‍ഷം ഇത് 0.7 ശതമാനം മാത്രമായിരിക്കും. നികുതി വരുമാനം കുറയുന്നതോടെ 11100 കോടി പൗണ്ട് അധികമായി കണ്ടെത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ടാകും. എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പിന് മുമ്പായി ബജറ്റിലെ കമ്മി കുറച്ചു കൊണ്ടുവരാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒസ്‌ബോണ്‍ പറയുന്നു.

പെന്‍ഷനിലുണ്ടായ വന്‍ വര്‍ദ്ധനവില്‍ രാജ്യവ്യാപകമായി പെന്‍ഷന്‍കാര്‍ സന്തുഷ്ടി പ്രകടിപ്പിച്ചിട്ടുണ്ട്. ചില തീരുവകള്‍ എടുത്തു നീക്കുന്നതോടെ ജനുവരി മുതല്‍ പെട്രോളിന്റെ വിലയിലുണ്ടായ കുറവ് ജനങ്ങള്‍ക്ക് ലാഭമാകും. നേരത്തെ എട്ട് ശതമാനം എന്ന് തീരുമാനിച്ചിരുന്ന റെയില്‍വെ നിരക്കിലെ വര്‍ദ്ധനവ് 6.2 ശതമാനമാക്കിയാണ് ആ മേഘലയിലെ ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബിസിനസുകാര്‍ക്കായി 2000 കോടി പൗണ്ടിന്റെ വായ്പാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. അടുത്ത പത്തു വര്‍ഷത്തിനകം റോഡ് നിര്‍മ്മാണങ്ങളും അടിസ്ഥാന സൗകര്യ വികസനവും വര്‍ദ്ധിപ്പിക്കാനുള്ള നീക്കവും നടത്തുന്നുണ്ട്. ഇതിനായി 3000 കോടി പൗണ്ടാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.