സ്വന്തം ലേഖകന്‍: കൊറിയന്‍ മേഖലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക ശക്തി പ്രകടനവുമായി യുഎസും ദക്ഷിണ കൊറിയയും, ട്രംപ് ആണവ യുദ്ധം ചോദിച്ചു വാങ്ങുകയാണെന്ന് ഉത്തര കൊറിയ. അമേരിക്കയിലെവിടെയും ആക്രമിക്കാന്‍ കഴിയുന്ന മിസൈ ല്‍ ഉത്തര കൊറിയ പരീക്ഷിച്ചതിനു മറുപടിയായാണ് അമേരിക്ക ദക്ഷിണകൊറിയയുമായി ചേര്‍ന്ന് കൊറിയന്‍ മേഖലയില്‍ സൈനികാഭ്യാസം ആരംഭിച്ചത്.
ഇതുവരെ നടന്നിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ അമേരിക്ക, ദക്ഷിണ കൊറിയ സൈനിക അഭ്യാസത്തില്‍ 12,000 സൈനികരും 230 യുദ്ധവിമാനങ്ങളുമാണ് പങ്കെടുക്കുന്നത്. സൈനികാഭ്യാസം പ്രകോപനമാണെന്നും അമേരിക്കയിലെ ട്രംപ് ഭരണകൂടം ആണവയുദ്ധം ചോദിച്ചു വാങ്ങുകയാണെന്നും ഉത്തരകൊറിയ പ്രതികരിച്ചു. അമേരിക്ക മുഴുവന്‍ ദൂരപരിധിയില്‍ ഉള്‍പ്പെടുന്ന ഹ്വാസോംഗ് 15 ബാലിസ്റ്റിക് മിസൈല്‍ ഉത്തര കൊറിയ ഏതാനും ദിവസങ്ങള്‍ക്കുമുന്പ് പരീക്ഷിച്ചിരുന്നു.
ഉത്തര കൊറിയയ്ക്ക് ശക്തമായ മുന്നറിയിപ്പു നല്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച സംയുക്ത സൈനികാഭ്യാസം അഞ്ചു ദിവസം നീണ്ടുനില്‍ക്കും. റഡാറിന്റെ കണ്ണില്‍പ്പെടാത്ത എഫ്22 റാപ്റ്റര്‍, എഫ്35 യുദ്ധവിമാനങ്ങള്‍ അഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇത് സമ്പൂര്‍ണ പ്രകോപനമാണെന്ന് ഉത്തര കൊറിയ പ്രതികരിച്ചപ്പോള്‍ അഭ്യാസം പ്രതിരോധത്തിന്റെ ഭാഗമായിട്ടാണെന്ന് ദക്ഷിണ കൊറിയ തിരിച്ചടിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല