സ്വന്തം ലേഖകന്‍: ബാങ്കു കൊള്ളക്കാരനെ ശിക്ഷിക്കുന്ന ബിഹാര്‍ സ്‌റ്റൈല്‍, നാട്ടുകാര്‍ കള്ളന്റെ കൈവെട്ടി. ബാങ്ക് കൊള്ളയടിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച കള്ളനെയാണ് നാട്ടുകാര്‍ പിടികൂടി കൈവെട്ടിയത്. ബിഹാറില്‍ പാട്‌നയ്ക്ക് സമീപം രുപാസ്പൂരിലാണ് സംഭവം.
വൈകിയെത്തിയ പോലീസിന് കള്ളനെ ആശുപത്രിയിലേക്ക് മാറ്റിന്ന പണിയേ ഉണ്ടായിരുന്നുള്ളു. രുപാസ്പുരിലെ ബാങ്ക് ഓഫ് ബറോഡയുടെ ശാഖയാണ് കൊള്ളയടിക്കപ്പെട്ടത്. തോക്ക് അടക്കമുള്ള ആയുധങ്ങളുമായി എത്തിയ നാലംഗ സംഘം നാട്ടുകാരെയടക്കം ഭീഷണിപ്പെടുത്തി 1.70 ലക്ഷം രൂപയുമായി കടന്നുകളഞ്ഞു.
എന്നാല്‍ സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ കള്ളന്മാരെ രക്ഷപ്പെടാന്‍ അനുവദിച്ചില്ല. നാട്ടുകാര്‍ കൂട്ടമായി കൊള്ള സംഘത്തെ പിന്തുടര്‍ന്നു. ഇതിനിടയില്‍ സംഘത്തിലെ ചിലര്‍ നാട്ടുകാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. എന്നാല്‍ നാട്ടുകാര്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല.
രക്ഷപ്പെടുന്നതിന് ഇടയില്‍ സംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി. മറ്റുള്ളവര്‍ രക്ഷപ്പെട്ടതോടെ പിടിയിലായ ജിതേന്ദര്‍ കുമാര്‍ എന്ന യുവാവിനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് ബാങ്ക് കൊള്ളയടിച്ചതിനുള്ള ശിക്ഷയായി നാട്ടുകാര്‍ ചേര്‍ന്ന് യുവാവിന്റെ ഒരു കൈ മുറിച്ചുകളയുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പോലീസാണ് ജിതേന്ദറിനെ രക്ഷിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല