സ്വന്തം ലേഖകന്‍: ബിഹാറില്‍ ബിജെപിക്കെതിരെ രൂപം കൊണ്ട മഹാസഖ്യം തകരുന്നു, സമാജ്‌വാദി പാര്‍ട്ടി പിന്മാറി. എന്‍സിപി നേരത്തെതന്നെ സഖ്യത്തില്‍ നിന്ന് പിന്മാറിയിരുന്നു. തങ്ങള്‍ക്ക് അഞ്ചു സീറ്റ് മാത്രം നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സമാജ്‌വാദി പാര്‍ട്ടിയുടെ പിന്മാറ്റം. തെരഞ്ഞെടുപ്പില്‍ ഒറ്റക്കു മത്സരിക്കുമെന്നു സമാജ്‌വാദി പാര്‍ട്ടി പ്രഖ്യാപിച്ചു.
ബിഹാറില്‍ സമാജ്‌വാദി പാര്‍ട്ടിക്കു നിര്‍ണായക സ്വാധീനമൊന്നുമില്ലെങ്കിലും പാര്‍ട്ടി സഖ്യം വിടുന്നതു മതേതര വോട്ടുകള്‍ ഭിന്നിക്കാന്‍ വഴിവയ്ക്കും. ബിഹാര്‍ തിരഞ്ഞെടുപ്പു കഴിഞ്ഞാലുടന്‍ സമാജ്‌വാദി, ആര്‍ജെഡി, ജെഡി–യു, ഐഎന്‍എല്‍ഡി, സമാജ്‌വാദി ജനതാ പാര്‍ട്ടി എന്നീ ജനതാ പരിവാര്‍ കക്ഷികളെല്ലാം ലയിക്കാന്‍ കഴിഞ്ഞ ഏപ്രിലില്‍ കൈക്കൊണ്ട തീരുമാനവും ഇതോടെ പ്രതിസന്ധിയിലായി. തങ്ങളോട് ആലോചിക്കാതെയാണു സീറ്റുകള്‍ പ്രഖ്യാപിച്ചതെന്നും മാധ്യമങ്ങളിലൂടെയാണു വിവരം അറിഞ്ഞതെന്നും അഞ്ചു സീറ്റ് മാത്രം നല്‍കി തങ്ങളെ നാണംകെടുത്തിയെന്നും എസ്പി ജനറല്‍ സെക്രട്ടറി രാം ഗോപാല്‍ യാദവ് കുറ്റപ്പെടുത്തി.
പ്രതിസന്ധിയെത്തുടര്‍ന്നു ജെഡി–യു അധ്യക്ഷന്‍ ശരദ് യാദവ് മുലായത്തിനെ ഫോണില്‍ ബന്ധപ്പെട്ടു. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. ബിഹാറില്‍ ഇട!!ഞ്ഞുനില്‍ക്കുകയായിരുന്ന ജെഡി–യു നേതാവ് നിതീഷ്‌കുമാറിനെയും ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെയും ഒന്നിപ്പിച്ചു മഹാസഖ്യം സാധ്യമാക്കിയതു മുലായം സിങ് ആയിരുന്നു. നിതീഷിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കാന്‍ ലാലുവിനെക്കൊണ്ടു സമ്മതിപ്പിച്ചതും അദ്ദേഹമാണ്.
സംസ്ഥാനത്ത് ആകെ 243 സീറ്റുകളാണുള്ളത്. ജെഡി–യുവും ആര്‍ജെഡിയും 100 വീതം സീറ്റിലും കോണ്‍ഗ്രസ് 40 സീറ്റിലും ബാക്കിയുള്ള കക്ഷികള്‍ മൂന്നു സീറ്റിലും മത്സരിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ചു ശരദ് പവാറിന്റെ എന്‍സിപി ആദ്യംതന്നെ സഖ്യം ഉപേക്ഷിച്ചു. എന്‍സിപി പോയതോടെ ആ മൂന്നു സീറ്റും ആര്‍ജെഡി വിട്ടുകൊടുത്ത രണ്ടു സീറ്റും അടക്കം അഞ്ചു സീറ്റ് എസ്പിക്കു നല്‍കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല