സ്വന്തം ലേഖകന്‍: ബിഹാറിലെ ഗയയില്‍ ഗ്രാമത്തില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിച്ച കമിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയശേഷം ജീവനോടെ കത്തിച്ചു. കമിതാക്കളെ കൈയ്യോടെ പിടികൂടിയ ഗ്രാമപഞ്ചായത്തിന്റെ വിധിയെത്തുടര്‍ന്നായിരുന്നു ശിക്ഷ.
16 വയസുള്ള പെണ്‍കുട്ടിയും 36 വയസ്സുള്ള യുവാവുമാണ് ഗ്രാമപഞ്ചായത്തിന്റെ രോഷത്തിന് ഇരയായത്. ഒളിച്ചോടിയ ഇരുവരെയും മൂന്നു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് പെണ്‍കുട്ടിയുടെ കുടുംബം കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരെയും ഗ്രാമപഞ്ചായത്തിനു മുന്‍പില്‍ ഹാജരാക്കി. ക്രൂര മര്‍ദ്ദനത്തിനിരയാക്കിയശേഷം ജീവനോടെ കത്തിക്കാനായിരുന്നു പഞ്ചായത്ത് വിധിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഗ്രാമീണരുടെ മുന്‍പില്‍ വച്ചായിരുന്നു വിധി പ്രസ്താവന.
കൊല്ലപ്പെട്ട യുവാവ് ഗ്രാമത്തിലെ തന്നെ മറ്റൊരു പെണ്‍കുട്ടിയെ നേരത്തെ വിവാഹം ചെയ്തിരുന്നു. ഇതില്‍ ഇയാള്‍ക്ക് മൂന്നു കുട്ടികളുണ്ട്. ഭാര്യയെയും കുട്ടികളെയും കാണാന്‍ ഇയാള്‍ ഇടയ്ക്കിടയ്ക്ക് ഗ്രാമത്തില്‍ എത്താറുണ്ടായിരുന്നു. ഇതിനിടയിലാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്.
സംഭവുമായി ബന്ധപ്പെട്ട് ഒരാള്‍ മാത്രമാണ് ഇതുവരെ പിടിയിലായത്. പെണ്‍കുട്ടിയുടെ പിതാവുള്‍പ്പെടെ 15 പേര്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതായി പൊലീസ് വ്യക്തമാക്കി. കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല