സ്വന്തം ലേഖകന്‍: കൈനീട്ടി കൈക്കൂലി വാങ്ങി ഒളിക്യാമറയില്‍ കുടുങ്ങി, ബിഹാര്‍ മന്ത്രിയുടെ ജോലി പോയി. നഗരവികസന മന്ത്രിയും മുതിര്‍ന്ന ജെഡിയു നേതാവുമായ അവദേശ് പ്രസാദ് കുശ്‌വാഹയാണു കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പിടിച്ചതോടെ രാജിവച്ചത്. മുംബൈ സ്വദേശിയായ കെട്ടിടനിര്‍മാണ കരാറുകാരനില്‍ നിന്നു നാലുലക്ഷം രൂപ മന്ത്രി കൈപ്പറ്റുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്.
ബിഹാര്‍ നിയമസഭയിലേക്ക് ആദ്യഘട്ട വോട്ടെടുപ്പു നടക്കുന്നതിന്റെ തലേദിവസം മന്ത്രി കൈക്കൂലി വിവാദത്തില്‍ കുടുങ്ങിയതു ഭരണകക്ഷിയായ ജെഡിയുവിനു കനത്ത തിരിച്ചടിയായി. ജെഡിയു മന്ത്രിസഭ വീണ്ടും അധികാരമേറ്റാല്‍ നിര്‍മാണ കരാറുകള്‍ നല്‍കാമെന്നു വാഗ്ദാനം ചെയ്തു മന്ത്രി പണം കൈപ്പറ്റിയതായാണ് ആരോപണം. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും രാജിക്കത്തു ഗവര്‍ണര്‍ക്ക് അയച്ചുകൊടുത്തതായും ജെഡിയു ദേശീയ അധ്യക്ഷന്‍ ശരദ് യാദവ് വ്യക്തമാക്കി.
പിപ്ര നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അവദേശ് പ്രസാദ് ഇക്കുറിയും അവിടെ സ്ഥാനാര്‍ഥിയായിരുന്നു. എന്നാല്‍ രാജിക്കു പിന്നാലെ പുതിയ സ്ഥാനാര്‍ഥിയെ പിപ്രയില്‍ മല്‍സരിപ്പിക്കാനും ജെഡിയു തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളുടെ ഗൂഢാലോചനയാണു സംഭവത്തിനു പിന്നിലെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നും അവദേശ് പ്രസാദ് പ്രതികരിച്ചു. ഇതിനിടെ, സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നു ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി ആവശ്യപ്പെട്ടു. അഴിമതിരഹിത ഭരണം സംബന്ധിച്ചുള്ള നിതീഷിന്റെ അവകാശവാദങ്ങള്‍ പൊള്ളയാണെന്നു തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല