സ്വന്തം ലേഖകൻ: ബീഹാറില്‍ മഹാഗഡ്ബന്ധന്‍ 2.0 അധികാരമേറ്റു. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായും തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചൊല്ലി. ഗവര്‍ണര്‍ ഫഗു ചൗഹാന്‍ ആണ് ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. 2017ല്‍ എന്‍.ഡി.എയുമായി ആരംഭിച്ച സഖ്യത്തില്‍ നിന്ന് പിന്മാറിയാണ് നിതീഷ് മഹാഗഡ്ബന്ധന്‍ സര്‍ക്കാരിന്റെ ഭാഗമായിരിക്കുന്നത്.
കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചേര്‍ന്നതാണ് മഹാസഖ്യം. മന്ത്രിസ്ഥാനങ്ങള്‍ പതിനാല് വീതം ആര്‍.ജെ.ഡി, ജെ.ഡി.യു പാര്‍ട്ടികള്‍ വീതം വെക്കുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം തവണയാണ് ബീഹാറില്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്-നിതീഷ് കുമാര്‍ കൂട്ടുകെട്ട് അധികാരത്തിലെത്തുന്നത്. 2015ലായിരുന്നു ആദ്യഘട്ടത്തില്‍ സഖ്യസര്‍ക്കാര്‍ ബീഹാറില്‍ അധികാരത്തിലെത്തിയത്.
പിന്നീട് അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2017ല്‍ ആര്‍.ജെ.ഡിയുമായുള്ള സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാറും സംഘവും ബി.ജെ.പിയോടൊപ്പം ചേരുകയായിരുന്നു. ബീഹാര്‍ നിയമസഭ സ്പീക്കറുമായി തുടരുന്ന തര്‍ക്കമാണ് നിലവിലെ പ്രതിസന്ധികള്‍ക്ക് കാരണം. സ്പീക്കറെ മാറ്റണമെന്ന ആവശ്യം ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ഉന്നയിച്ചെങ്കിലും പരിഗണിച്ചിട്ടില്ല.
സ്പീക്കറുടെ ക്ഷണപ്രകാരം ബിഹാര്‍ നിയമസഭയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുത്തതിലും നിതീഷ് കുമാര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ബി.ജെ.പിയുമായി തുടരുന്ന അതൃപ്തി കാരണം മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പ്രധാനമന്ത്രി നല്‍കിയ വിരുന്നില്‍ നിന്നും നിതീഷ് കുമാര്‍ വിട്ടു നിന്നിരുന്നു. ആഗസ്റ്റ് പതിമൂന്ന് മുതല്‍ 15 വരെ എല്ലാ വീടുകളിലും ദേശീയ പതാക മോദി സര്‍ക്കാര്‍ തീരുമാനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച യോഗത്തിലും നിതീഷ് കുമാര്‍ പങ്കെടുത്തിരുന്നില്ല. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് സത്യപ്രതിജ്ഞ ചടങ്ങിനെത്താതിരുന്നത് എന്നായിരുന്നു നിതീഷ് കുമാറിന്റെ വിശദീകരണം.
ഇനിയൊരു മുഖ്യമന്ത്രിയുണ്ടെങ്കില്‍ അത് നിതീഷ് കുമാര്‍ തന്നെയായിരിക്കുമെന്ന് ജെ.ഡി(യു) പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മന്ത്രിസ്ഥാനം വിട്ടുകൊടുത്ത് മുതിര്‍ന്ന നേതാവായ നിതീഷ് കുമാറിനെ ചെറുതാക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നായിരുന്നു ജെ.ഡി (യു)വിന്റെ പ്രതികരണം.
‘അംഗസംഖ്യ കണക്കിലെടുത്ത് മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാനോ മുതിര്‍ന്ന നേതാവായ നിതീഷ് കുമാറിനെ ചെറുതാക്കാനോ ജനതാദള്‍ യുണൈറ്റഡ് തയ്യാറല്ല. പുതിയ സഖ്യത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടായാല്‍ നിതീഷ് കുമാര്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയാവും. രണ്ടു ദിവസത്തിനുള്ളില്‍ തന്നെ അതിന് വേണ്ട നടപടികളും പൂര്‍ത്തിയാക്കും’, ജെ.ഡി (യു) പറഞ്ഞു.
അതേസമയം നീതീഷ് കുമാറിന്റെ രാജിയ്ക്കെതിരേയും സഖ്യ സര്‍ക്കാര്‍ രൂപീകരണത്തിനെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് ബി.ജെ.പി ഉന്നയിക്കുന്നത്. രോഗം മൂര്‍ച്ഛിച്ച് മരണത്തോട് മല്ലടിക്കുന്ന രോഗി പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരുമെന്ന പ്രതീക്ഷ പങ്കുവെക്കുന്നത് പോലെയാണ് സഖ്യസര്‍ക്കാര്‍ രൂപീകരണമെന്നാണ് ബി.ജെ.പിയുടെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല