1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2024

സ്വന്തം ലേഖകൻ: മഹാസഖ്യസര്‍ക്കാര്‍ വിട്ട നിതീഷ് കുമാര്‍, ബിജെപിക്കൊപ്പം സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഉന്നയിച്ച അവകാശവാദം ഗവര്‍ണര്‍ രാജേന്ദ്ര അല്‍ലേക്കര്‍ അംഗീകരിച്ചു. നിതീഷിന്റെ നേതൃത്വത്തിലുള്ള പുതിയ എന്‍.ഡി.എ. സര്‍ക്കാര്‍ ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രണ്ട് ഉപമുഖ്യമന്ത്രിമാര്‍ക്ക് പുറമേ ആറ്‌ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.

രണ്ട് ഉപമുഖ്യമന്ത്രിമാരും ബിജെപിയില്‍നിന്ന് തന്നെയാവും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാമ്രാട്ട് ചൗധരിയേയും പ്രതിപക്ഷനേതാവ് വിജയ് കുമാര്‍ സിന്‍ഹയേയും നേരത്തെ ചേര്‍ന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗം സഭാകക്ഷി നേതാവായും ഉപനേതാവായും തിരഞ്ഞെടുത്തിരുന്നു. ഇരുവരും ഉപമുഖ്യമന്ത്രിമാരാവും.

ബിജെപിയില്‍നിന്ന് ഒരാളും ജെഡിയുവില്‍നിന്ന് മൂന്ന് പേരും ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയില്‍നിന്ന് ഒരാളും മന്ത്രിയാവും. മറ്റൊരു സ്വതന്ത്ര എം.എല്‍.എക്കും മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന. ബി.ജെ.പിയുടെ ഡോ. പ്രേംകുമാര്‍, ജെഡിയു എം.എല്‍.എമാരായ വിജേന്ദ്ര യാദവ്, വിജയ് ചൗധരി, ശ്രാവണ്‍ കുമാര്‍, ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയുടെ സന്തോഷ് സുമന്‍, സ്വതന്ത്ര എം.എല്‍.എ. സുമിത് സിങ് എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിതീഷിന്റെ മുന്നണി മാറ്റം വലിയ വിജയമായി അവകാശപ്പെടുന്നതിനിടെ ബിജെപിയില്‍നിന്ന് തന്നെ അപസ്വരവും ഉയര്‍ന്നു. നിതീഷിന്റേത് രാഷ്ട്രീയ അവസരവാദമാണെന്ന് ബംഗാളില്‍നിന്നുള്ള ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചു. ഇത്തരം രീതികള്‍ അവസാനിപ്പിക്കണമെന്നും ബംഗാള്‍ മുന്‍ ബിജെപി അധ്യക്ഷന്‍ കൂടിയായ ദിലീപ് ഘോഷ് ആവശ്യപ്പെട്ടു.

‘സാധാരണ നിലയില്‍ ഒരാള്‍ അഞ്ച് വര്‍ഷത്തിനിടെ ഒറ്റത്തവണയാണ് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുക. എന്നാല്‍ അഞ്ച് വര്‍ഷക്കാലയളവിനിടെ കുറഞ്ഞത് രണ്ടോ മൂന്നോ തവണ മുഖ്യമന്ത്രിയാവുന്ന ആളാണ് നിതീഷ് കുമാര്‍. അതും ഓരോ തവണയും വിവിധ ക്യാമ്പുകളില്‍നിന്ന്’, എന്നായിരുന്നു ദിലീപ് ഘോഷിന്റെ വാക്കുകള്‍. ദിലീപിന്റെ വാക്കുകളോട് പ്രതികരിക്കാന്‍ ബിജെപി ബംഗാള്‍ വക്താവ് സമിക് ഭട്ടാചാര്യ വിസമ്മതിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.