1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2025

സ്വന്തം ലേഖകൻ: അഞ്ച് ലക്ഷത്തിലേറെ അംഗങ്ങളുള്ള യുകെയിലെ ഏറ്റവും വലിയ നഴ്സിങ് ട്രേഡ് യൂണിയനായ റോയൽ നഴ്സിങ് കോളജിന്റെ (ആർസിഎൻ) പ്രസിഡന്റായി മലയാളിയായ ബിജോയ് സെബാസ്റ്റ്യൻ ചുമതലയേറ്റു. ആർസിഎൻ പ്രസിഡന്റ് എന്ന നിലയിൽ ‘ചെയിൻ ഓഫ് ദി ഓഫീസ്’ കഴുത്തിൽ അണിഞ്ഞാണ് ചുമതലയേറ്റത്.

100 വർഷത്തിലേറെ പഴക്കമുള്ള ആർസിഎൻ യൂണിയന്റെ ആദ്യത്തെ പുരുഷ പ്രസിഡന്റ് ആണ് ബിജോയ് സെബാസ്റ്റ്യൻ. 1916 മാർച്ച്‌ 27 നാണ് റോയൽ നഴ്സിങ് കോളജ് രൂപീകൃതമായത് എങ്കിലും ആദ്യ പ്രസിഡന്റായ സിഡ്നി ബ്രൗണി ചുമതല ഏൽക്കുന്നത് 1922 ലാണ്. സിഡ്നി ബ്രൗണി മുതൽ ഇപ്പോൾ ചുമതല ഒഴിഞ്ഞ ഷീല സൊബ്രാനി വരെയുള്ള പ്രസിഡന്റുമാർ എല്ലാവരും തന്നെ വനിതകളായിരുന്നു.

ബിജോയ്‌ സെബാസ്റ്റ്യൻ തിരഞ്ഞെടുക്കപ്പെട്ടതിലൂടെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യക്കാരൻ ഈ സ്ഥാനത്തേക്ക് വരുന്നതെന്ന പ്രത്യേകതയുമുണ്ട്. ആരോഗ്യസംരക്ഷണ മേഖലയിലെ ഏറ്റവും വലുതും ശക്തവുമായ സംഘടനയാണ് ആർസിഎൻ. ആലപ്പുഴ പുന്നപ്ര വണ്ടാനം സ്വദേശിയായ ബിജോയ്, യൂണിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടൻ ഹോസ്പിറ്റലിൽ ക്രിട്ടിക്കൽ കെയർ വിഭാഗത്തിന്റെ ചുമതലയുള്ള സീനിയർ നഴ്സാണ്.

യുകെയിലെ മലയാളികളായ നഴ്സിങ് ജീവനക്കാർ ഒന്നടങ്കം പിന്തുണച്ചതോടെയാണു സ്വദേശികളായ സ്ഥാനാർഥികളെ ബഹുദൂരം പിന്നിലാക്കി ബിജോയ് ഉജ്വല വിജയം നേടിയത്. ബ്രിട്ടനിലെ മലയാളി നഴ്സുമാർ ഉൾപ്പടെയുള്ളവരുടെ ആവശ്യങ്ങൾക്ക് പരിഗണന ലഭിക്കാൻ ബിജോയിയുടെ നേതൃസാന്നിധ്യം ഏറെ സഹായകരമാകുമെന്നാണ് പ്രതീക്ഷയിലാണ് മലയാളി സമൂഹം.

കൃഷിവകുപ്പിലെ റിട്ട. ഉദ്യോഗസ്ഥനായ പുന്നപ്ര വണ്ടാനം പുത്തൻപറമ്പിൽ സെബാസ്റ്റ്യൻ ജോസഫിന്റെയും വീട്ടമ്മയായ സോഫിയയുടെയും മകനാണ് ബിജോയ്. കോട്ടയം മെഡിക്കൽ കോളജിലെ നഴ്സിങ് പഠനത്തിനും ഒരുവർഷത്തെ സേവനത്തിനും ശേഷം 2011ലാണ് ബാൻഡ്-5 നഴ്സായി ബിജോയ് ബ്രിട്ടനിൽ എത്തിയത്. ഇംപീരിയൽ കോളജ് എൻഎച്ച്എസ് ട്രസ്റ്റിലായിരുന്നു ആദ്യ ജോലി.

2015ൽ ബാൻഡ്-6 നഴ്സായും 2016ൽ ബാൻഡ്-7 നഴ്സായും കരിയർ മെച്ചപ്പെടുത്തി. 2021ലാണ് ബാൻഡ്-8 തസ്തികയിൽ യൂണിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടൻ ഹോസ്പിറ്റലിൽ എത്തുന്നത്. ഇംപീരിയൽ കോളജ് എൻഎച്ച്എസ് ട്രസ്റ്റിന്റെ കീഴിലുള്ള ഹാമർസ്മിത്ത് ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗം നഴ്സ് ദിവ്യയാണ് ഭാര്യ. മകൻ അഞ്ചാം ക്ലാസ് വിദ്യാർഥി ഇമ്മാനുവേൽ. ബിജോയിയുടെ സഹോദരി ബ്ലസിയും ഭർത്താവ് ജിതിനും ലണ്ടനിൽ നഴ്സുമാരാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.