സ്വന്തം ലേഖകൻ: സംയുക്തയെ ആദ്യം കണ്ട ദിവസങ്ങളെ കുറിച്ചുള്ള ബിജു മേനോന്റെ വാക്കുകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സുഹൃത്തും സംവിധായകനുമായ ലാൽ ജോസിന്റെ ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ദിലീപും കാവ്യയും കേന്ദ്രകഥാപാത്രങ്ങൾ ആയ ചിത്രത്തിൽ പ്രധാനപ്പെട്ട രണ്ടു കഥാപാത്രങ്ങളെ ബിജു മേനോനും സംയുക്ത വർമ്മയും അവതരിപ്പിച്ചിരുന്നു.
“സംയുക്ത അന്ന് എന്നെയൊന്നും മൈൻഡ് ചെയ്തിരുന്നില്ല. കുറേ ചിരി വെറുതെ ആയിട്ടുണ്ട്. സെറ്റിലന്ന് കാവ്യയുണ്ട്. ഞങ്ങൾ സംസാരിച്ചിരിക്കും. ആ പരിസരത്തേക്ക് സംയുക്ത വരില്ല. ഇതെന്തൊരു ജാടയാണ് എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ കഴിഞ്ഞ് ഒരു ദിവസം രഞ്ജി പണിക്കർ സാർ ചോദിച്ചു, ‘സംയുക്തയുടെ അഭിനയം എങ്ങനെയുണ്ട്? നല്ല കുട്ടിയാണോ?’ ‘അഭിനയം കുഴപ്പമൊന്നുമില്ല, പക്ഷേ ഭയങ്കര ജാടയാണെ’ന്നു ഞാൻ പറഞ്ഞു. ഇങ്ങനെയാവുമെന്ന് അറിയില്ലല്ലോ,” സംയുക്തയെ ആദ്യം കണ്ട ദിവസങ്ങൾ ഓർത്ത് ബിജു മേനോൻ പറഞ്ഞു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
സത്യൻ അന്തിക്കാട് ചിത്രം ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ (1999) ആയിരുന്നു സംയുക്തയുടെ ആദ്യചിത്രം. പതിനെട്ടോളം ചിത്രങ്ങളിൽ അഭിനയിച്ച സംയുക്തയുടെ മിക്ക ചിത്രങ്ങളും ബോക്സ് ഓഫീസിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങൾ (1999), മഴ/മധുരനൊമ്പരക്കാറ്റ്/ സ്വയംവരപ്പന്തൽ (2000) എന്നിവയിലൂടെ രണ്ടു തവണ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടി. ദിലീപ് ചിത്രമായ കുബേരനിലെ നായികയായാണ് സംയുക്ത ഏറ്റവും ഒടുവിൽ ക്യാമറയ്ക്ക് മുന്നിൽ എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല