സ്വന്തം ലേഖകന്‍: പ്രമുഖ ഇന്ത്യന്‍ വനിതാ ബൈക്ക് യാത്രിക വീനു പലിവാല്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ വച്ചുണ്ടായ അപകടത്തിലാണ് പലിവാലിന്റെ ദരുണാന്ത്യം. റോഡരുകിലെ വളവില്‍ വച്ച് നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു. അപകട സമയത്ത് മറ്റൊരു ബൈക്കറായ ദീപേഷ് തന്‍വാറും വീനുവിനൊപ്പം ഉണ്ടായിരുന്നു.
ബോപ്പാലില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള ഗ്യാരസ്പൂരില്‍ വച്ചാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ സമീപത്തെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് വിദിഷ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും വീനുവിനെ രക്ഷിക്കാനായില്ല. ജെയ്പൂര്‍ സ്വദേശിനിയായ വീനു തന്റെ ഹാര്‍ലി ഡേവിസണ്‍ ബൈക്കില്‍ ദീര്‍ഘദൂര യാത്രകള്‍ നടത്തിയാണ് പ്രശസ്തയായത്.
ഹാര്‍ലി ഡേവിസണില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ പായുന്ന വീനു വനിതാ ബൈക്കര്‍മാര്‍ക്കിടയില്‍ വ്യത്യസ്തയായി. അടുത്തിടെ ലേഡി ഓഫ് ദ ഹാര്‍ലി 2016 പുരസ്കാരം വീനുവിനെ തേടിയെത്തിയിരുന്നു. വാഹനത്തില്‍ നിന്നുള്ള വീഴ്ചയില്‍ കരളിനേറ്റ പരുക്കാണ് വീനുവിന്റെ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
വീഴ്ചയുടെ ആഘാതത്തില്‍ ചില മൂര്‍ച്ചയുള്ള വസ്തുക്കള്‍ വീനുവിന്റെ ശരീരത്തില്‍ തുളച്ചു കയറിയതായും പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. യാത്രകള്‍ എന്നും ഹരമായിരുന്ന വീനു വിവാഹിതയായിരുന്നെങ്കിലും യാത്ര ചെയ്യാനായി വിവാഹ മോചനം നേടുകയായിരുന്നു. രണ്ടു കുട്ടികളുടെ അമ്മയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല