പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ട അല്‍ക്വയ്ദ തലവന്‍ ഒസാമ ബില്‍ ലാദന്‍റെ മൃതദേഹം മറവു ചെയ്തതിനെക്കുറിച്ചു തര്‍ക്കമുയരുന്നു. അബോട്ടാബാദിലെ കെട്ടിടത്തില്‍ 2011 മേയ് രണ്ടിനു യുഎസ് സൈനിക നടപടിക്കിടെ കൊല്ലപ്പെട്ട ഒസാമയുടെ മൃതദേഹം അറബിക്കടലില്‍ ഇസ് ലാമിക ആചാര പ്രകാരം മറവു ചെയ്തെന്നാണു യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ വ്യക്തമാക്കിയത്. എന്നാല്‍ ഈ വാദം സംശയാസ്പദമാണെന്നാണു വാദം.
ചില ഇ- മെയ് ലുകളുടെ അടിസ്ഥാനത്തില്‍ വിവാദ വെബ് സൈറ്റ് വിക്കിലീക്സ് പുറത്തു വിട്ട വിവരങ്ങളാണു തര്‍ക്കമുയര്‍ത്തുന്നത്. യുഎസിലെ സ്വകാര്യ സുരക്ഷാ സ്ഥാപനം സ്ട്രാറ്റ്ഫോര്‍സിന്‍റെ ഇന്‍റലിജന്‍സ് വൈസ് പ്രസിഡന്‍റ് ഫ്രെഡ് ബര്‍ട്ടണ്‍ നടത്തിയ അഭിപ്രായ പ്രകടനമാണു വിവാദകാരണം. ലാദന്‍റെ മൃതദേഹം സമുദ്രത്തില്‍ മറവു ചെയ്തിട്ടില്ലെന്നും യുഎസില്‍ എവിടെയോ സംസ്കരിക്കുകയായിരുന്നെന്നുമാണു ബര്‍ട്ടണ്‍ പറഞ്ഞത്.
അനോണിമസ് എന്ന കുപ്രസിദ്ധ ഹാക്കര്‍ ഗ്രൂപ്പാണ് ഇതു സംബന്ധിച്ച ഇ-മെയ്ലുകള്‍ നല്‍കിയത്. വിവിധ രാജ്യങ്ങളുടെ രഹസ്യ രേഖകളും രാഷ്ട്രീയ അവലോകന രേഖകളും ചോര്‍ത്തുന്ന സംഘമാണ് അനോണിമസ്. അബോട്ടാബാദ് സംഭവത്തെക്കുറിച്ചു പാക്കിസ്ഥാന്‍ ഇപ്പോഴും മൗനം പാലിക്കുന്നതും സംശയം വര്‍ധിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ട്.
പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ യുഎസ് നേവി കമാന്‍ഡോകള്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിന്‍ ലാദന്റെ മൃതദേഹം കടലില്‍ സംസ്കരിക്കാതെ യുഎസിലേക്കു കൊണ്ടുവന്നിരിക്കാം. സിഐഎയുടെ വിമാനത്തില്‍ ഡെലാവറിലെ ഡോവറിലേക്കാണ് മൃതദേഹം കൊണ്ടുവന്നിരിക്കുക. അവിടെനിന്നു മേരിലാന്‍ഡിലെ ബെത്സൈദയിലുള്ള സായുധസേനാ പതോളജി ഇന്‍സ്റിറ്റ്യൂട്ടില്‍ എത്തിച്ചിരിക്കാമെന്ന് ബര്‍ട്ടന്‍ അനുമാനിക്കുന്നു. മൃതദേഹത്തിന്റെ ഫോട്ടോ എടുക്കേണ്ടതിനാലും ഡിഎന്‍എ, വിരലടയാളം തുടങ്ങിയവ ശേഖരിക്കേണ്ടതിനാലും കടലില്‍ സംസ്കരിക്കാന്‍ സാധ്യതയില്ലെന്നു മറ്റൊരു ഇ-മെയിലിലും ബര്‍ട്ടന്‍ പറയുന്നുണ്ട്.
ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു മണിക്കൂറുകള്‍ക്കകം മൃതദേഹം അബോട്ടാബാദില്‍നിന്നു വിമാനത്തില്‍ അറേബ്യന്‍ കടലില്‍ നങ്കൂരമിട്ടിരുന്ന കാള്‍ വിന്‍ എന്ന വിമാനവാഹിനി കപ്പലില്‍ എത്തിച്ചുവെന്നാണ് യുഎസ് പറഞ്ഞത്. മതപരമായ ആചാരങ്ങള്‍ക്കുശേഷം മൃതദേഹം ഷീറ്റില്‍പൊതിഞ്ഞു കടലില്‍ സംസ്കരിച്ചുവെന്നും അറിയിച്ചു. കൊല്ലപ്പെട്ട ബിന്‍ ലാദന്റെ ഫോട്ടോയോ, സംസ്കരിച്ച സ്ഥലമോ യുഎസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഫോട്ടോ പുറത്തുവിടാത്തതില്‍ യുഎസ് സര്‍ക്കാരിനു വിമര്‍ശനം ഏല്‍ക്കേണ്ടിവന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല