സ്വന്തം ലേഖകൻ: സൗദി-യു.എ.ഇ സംയുക്ത വിസ സമ്പ്രദായം അടുത്ത വർഷം മുതൽ ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. പദ്ധതി പ്രാവർത്തികമാകുന്നതോടെ സന്ദർശകർക്ക് ഇരു രാജ്യങ്ങൾക്കുമിടയിൽ യഥേഷ്ടം സഞ്ചരിക്കാനാകും. യു.എ.ഇ സാമ്പത്തിക മന്ത്രി സുൽത്താൻ അൽ മൻസൂരി പറഞ്ഞതാണ് ഇക്കാര്യം.
ടൂറിസം മേഖലയിലെ സംയോജിത പ്രവർത്തനങ്ങൾ സമ്പദ് വ്യവസ്ഥക്ക് ഗുണപരമാകുമെന്ന് ജി.സി.സി രാജ്യങ്ങളിലെ ടൂറിസം മേധാവികളുടെ യോഗത്തിൽ സൗദി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിറകെയാണ് യു.എ.ഇ സാമ്പത്തിക മന്ത്രി സുൽത്താൻ അൽ മൻസൂരി സൗദിയുമായി ചേർന്ന് സംയുക്ത വിസ സമ്പ്രദായം നടപ്പിലാക്കുന്ന കാര്യം വെളിപ്പെടുത്തിയത്.
പദ്ധതി പ്രാവർത്തികമാകുന്നതോടെ സൗദി സന്ദർശിക്കുന്നവർക്ക് യു.എ.ഇയും, യു.എ.ഇ സന്ദർശിക്കുന്നവർക്ക് സൗദിയും സന്ദർശിക്കാൻ അനുമതിയുണ്ടാകും. 2020ൽ തന്നെ പദ്ധതി നടപ്പിലാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതിനായി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർക്കിടയിൽ സംയുക്ത യോഗങ്ങളും ചർച്ചകളും നടന്നുവരികയാണ്.
ഇരു രാജ്യങ്ങളിലേയും ദേശീയ വിമാന കമ്പനികൾക്ക് നേട്ടമാകും വിധത്തിൽ വിമാന സർവ്വീസുകളുടെ എണ്ണം വർധിപ്പിക്കുവാനും ടൂറിസം-ഹോട്ടൽ മേഖലകൾക്ക് പുത്തനുർവ്വേകാനും പദ്ധതി സഹായകരമാകുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. വിവിധ രാജ്യങ്ങളിലെ ടൂറിസ്റ്റുകൾക്കായി സൗദി ഇത് വരെ ഒരു ലക്ഷത്തോളം വിസ അനുവദിച്ചതായാണ് കണക്കുകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല