![](https://www.nrimalayalee.com/wp-content/uploads/2023/02/Bill-Ackman-tweet-Vivek-Ramaswamy-us-presidentship.jpeg)
സ്വന്തം ലേഖകൻ: 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിത്വത്തിനു വേണ്ടിയുള്ള മത്സരത്തിൽ മലയാളി ഇറങ്ങുമോ ? യുഎസ് നിക്ഷേപകനായ ബിൽ അക്മാന്റെ ട്വീറ്റാണ് ഈ ചർച്ചയ്ക്കു കാരണം. പാലക്കാട് വേരുകളുള്ള യുഎസിലെ പ്രമുഖ സംരംഭകനും സാമൂഹിക പ്രവർത്തകനുമായ വിവേക് രാമസ്വാമി മത്സരത്തിൽ ഉണ്ടാകുമെന്നാണു ട്വീറ്റിലുള്ളത്. ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ റോവന്റ് സയൻസ് സ്ഥാപകനും സ്ട്രൈവ് അസറ്റ് മാനേജ്മെന്റ് സഹസ്ഥാപകനുമായ വിവേക് യുഎസിലാണു ജനിച്ചുവളർന്നത്. 7 വർഷം മുൻപ് കേരളത്തിലെത്തിയിരുന്നു.
റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയാകാൻ രംഗത്തുള്ള ഡോണൾഡ് ട്രംപിനെ വെല്ലുവിളിച്ച് ഇന്ത്യൻ വംശജയായ നിക്കി ഹേലി കഴിഞ്ഞ ദിവസം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നു. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്, മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ തുടങ്ങിയവരും രംഗത്തുണ്ട്. ഉൾപാർട്ടി തിരഞ്ഞെടുപ്പുകൾക്കു ശേഷമാണു സ്ഥാനാർഥിയെ തീരുമാനിക്കുക.
പാലക്കാട് വടക്കഞ്ചേരി ബാലവിഹാറിൽ സി.ആർ.ഗണപതി അയ്യരുടെ മകനായ വി.ജി.രാമസ്വാമിയാണു വിവേകിന്റെ അച്ഛൻ. തൃപ്പൂണിത്തുറ സ്വദേശിയാണ് അമ്മ ഗീത രാമസ്വാമി. ഇരുവരും ഒന്നരമാസം മുൻപു പാലക്കാട് എത്തിയിരുന്നു. ഇന്ത്യൻ വംശജയായ ഡോ.അപൂർവ തിവാരിയാണു വിവേകിന്റെ ഭാര്യ. സഹോദരൻ ശങ്കർ രാമസ്വാമിക്കും യുഎസിൽ ബിസിനസാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല