സ്വന്തം ലേഖകന്‍: എച്ച്1ബി, എല്‍1 വിസകളില്‍ ജീവനക്കാരെ നിയമിക്കുന്ന ഇന്ത്യന്‍ ഐടി കമ്പനികളെ വിലക്കാനുള്ള ബില്‍ യുഎസ് കോണ്‍ഗ്രസില്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും സംയുക്തമായാണ് ബില്‍ ജനപ്രതിനിധിസഭയില്‍ അവതരിപ്പിച്ചത്.
ന്യുജഴ്സിയില്‍ നിന്നുള്ള ഡെമോക്രാറ്റിക് അംഗം ബില്‍ പാസ്റെലും റിപ്പബ്ലിക്കന്‍ അംഗം ഡാന റൊറബെച്ചറുമാണ് ഈ ആവശ്യവുമായി മുന്നോട്ടുവന്നത്. ‘എച്ച്1ബി, എല്‍1 ഭേദഗതി ആക്ട് 2016’ അവതരിപ്പിച്ചുകൊണ്ട് പാസ്റെല് ഈ നിര്‍ദേശം മുന്നോട്ടുവയ്ക്കുകയായിരുന്നു.
അമ്പതിലേറെ ജീവനക്കാരുള്ളതോ ജീവനക്കാരില്‍ 50 ശതമാനത്തില്‍ ഏറെപ്പേര്‍ക്ക് എച്ച്1ബിയോ എല്‍1 വീസയോ ഉള്ളതായ കമ്പനികളെ എച്ച്1ബി വീസയില്‍ ജീവനക്കാരെ നിയമിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് ഡാന റൊറബെച്ചറും ആവശ്യപ്പെട്ടു.
ഇന്ത്യന്‍ ഐ.ടി കമ്പനികളില്‍ ഏറെയും എച്ച്1ബി , എല്‍1 വീസകളിലാണ് ജീവനക്കാരെ എത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ബില്‍ പാസായാല്‍ അവരെ കാര്യമായി ബാധിച്ചേക്കും. ബില്‍ കൊണ്ടുവന്ന അംഗങ്ങള്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ ഏറെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് എന്നതാണ് ഏറെ ശ്രദ്ധേയം.
ബില്‍ ജനപ്രതിനിധി സഭയില്‍ പാസായാലും പ്രസിഡന്റ് ബരാക് ഒബാമ ഒപ്പുവയ്ക്കുന്നതിനു മുന്‍പ് സെനറ്റിന്റെ അംഗീകാരം നേടേണ്ടതുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല