സ്വന്തം ലേഖകന്‍: പാകിസ്ഥാന്‍ ആണവ പരീക്ഷണത്തില്‍ നിന്നും പിന്മാറുന്നതിന് ബില്‍ ക്ലിന്റണ്‍ വാഗ്ദാനം ചെയ്തത് 500 കോടി ഡോളര്‍, വെളിപ്പെടുത്തലുമായി നവാസ് ഷെരീഫ്. പരീക്ഷണത്തില്‍ നിന്നും പിന്മാറുന്നതിന് 500 കോടി ഡോളര്‍ ബില്‍ ക്ലിന്റണ്‍ വാഗ്ദാനം ചെയ്തിരുന്നും രാജ്യത്തോട് കൂറുപുലര്‍ത്തുന്നതു കൊണ്ടാണ് താന്‍ ആ പണം വാങ്ങാതിരുന്നതെന്നും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞു. 1998 മെയ് 28 നാണ് പാകിസ്താന്‍ നടത്തുന്ന ആണവ പരീക്ഷണങ്ങളില്‍നിന്ന് പിന്‍മാറുന്നതിന് തനിക്ക് അമേരിക്ക പണം വാഗ്ദാനം ചെയ്തത്.
എന്നാല്‍ താനതിന് വഴങ്ങിയില്ല. ഇന്ത്യ അതീവരഹസ്യമായി പൊക്‌റാനില്‍ ആണവ പരീക്ഷണം നടത്തി ദിവസങ്ങള്‍ക്കുള്ളിലാണ് പാക്ക് ആണവപരീക്ഷണം നടത്തിയത്. നിലവില്‍ പാകിസ്താന്‍ അണുശക്തിയുടെ കാര്യത്തില്‍ കരുത്തരാണെന്നും അദ്ദേഹം പറഞ്ഞു. നവാസ് ഷെരീഫും മക്കളും കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പാനമ രേഖകളിലെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഷരീഫിന്റെ രാജിയാവശ്യം രാജ്യമാകെ അലയടിക്കുമ്പോഴാണ് പുതിയ വെളിപ്പെടുത്തല്‍ എന്നത് ശ്രദ്ധേയമാണ്.
ഷരീഫിന്റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ ഇംഗ്ലണ്ടില്‍ വസ്തു വാങ്ങിയെന്നാണ് ആരോപണം. ഇതോടെ പ്രതിപക്ഷവും സൈന്യവും അടക്കം ഷെരീഫിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് തന്റെ വിശ്വസ്തതയും രാജ്യസ്‌നേഹവും വ്യക്തമാക്കിക്കൊണ്ട് നവാസ് ഷെരീഫിന്റെ വെളിപ്പെടുത്തല്‍. അന്ന് അമേരിക്കയെ എതിര്‍ത്ത് നിന്നതിനാല്‍ പാകിസ്താന്‍ ഒരു ആണവ ശക്തിയായതായി ഷെരീഫ് ചൂണ്ടിക്കാട്ടുന്നു. പാക്ക് പഞ്ചാബിലെ ഒരു രാഷ്ട്രീയ യോഗത്തില്‍ സംസാരിക്കവെയാണ് നവാസ് ഷെരീഫ് ഇക്കാര്യം പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല