സ്വന്തം ലേഖകൻ: ലോകത്തെ ഇപ്പോഴത്തെ നാലാമത്തെ വലിയ ധനികനും മൈക്രോസോഫ്റ്റ് കമ്പനിയുടെ സ്ഥാപകനുമായ ബില്‍ ഗേറ്റ്സ് തന്റെ ധനം മുഴുവനും തന്നെ ദാനം ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. അങ്ങനെ, ബ്ലൂംബര്‍ഗിന്റെ ശതകോടീശ്വരൻമാരുടെ പട്ടികയില്‍ ഇപ്പോള്‍ 11370 കോടി ഡോളര്‍ ആസ്തിയുള്ള താന്‍ ധനികരുടെ പട്ടികയില്‍ നിന്നു പുറത്തുപോകാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഇതിന്റെ ഭാഗമായി ലോകത്തെ ഏറ്റവും വലിയ ധര്‍മസ്ഥാപനമായ ബില്‍ ആന്‍ഡ് മെലിന്‍ഡാ ഫൗണ്ടേഷന് 2000 കോടി ഡോളര്‍ കൈമാറാനാണ് അദ്ദേഹം ഒരുങ്ങുന്നത്. മഹാമാരി വരുത്തിവച്ച പ്രശ്‌നങ്ങളുടെ ആഘാതം കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണിത്.
താനാര്‍ജിച്ച സമ്പത്ത് തിരിച്ച് സമൂഹത്തിലേക്ക് ഒഴുക്കേണ്ട കടമ തനിക്കുണ്ടെന്ന് ഗേറ്റ്സ് ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അങ്ങനെ താന്‍ ശതകോടീശ്വരൻമാരുടെ പട്ടികയില്‍ താഴേക്ക് ഇറങ്ങും. അവസാനം പട്ടികയ്ക്ക് വെളിയിലേക്കും പോകുമെന്നാണ് ഗേറ്റ്സ് പറഞ്ഞിരിക്കുന്നത്. തന്നെപ്പോലെ കാശുകാരായിട്ടുള്ളവരും ഇത്തരം നീക്കങ്ങളില്‍ പങ്കുകൊള്ളുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറയുന്നു. അതേസമയം, ഇപ്പോഴത്തെ ലോകത്തെ ഏറ്റവും വലിയ ധനികനും ടെസ്‌ല കമ്പനിയുടെ ഉടമയുമായ ഇലോണ്‍ മസ്‌ക് തന്റെ ധനം ചൊവ്വായില്‍ മനുഷ്യവാസത്തിന് തുടക്കമിടുന്നതിന് അടക്കമുള്ള കാര്യങ്ങള്‍ക്ക് വിനിയോഗക്കാനാണ് ഉദ്ദേശിക്കുന്നത്.
കൂടുതല്‍ പണം നല്‍കുക വഴി ആളുകളുടെ വിഷമങ്ങള്‍ കുറയ്ക്കാമെന്നാണ് താന്‍ കരുതുന്നതെന്ന് ഗേറ്റ്സ് പറയുന്നു. ഓരോ മനുഷ്യനും ആരോഗ്യകരവും ഫലപ്രദവുമായ ഒരു ജീവതം നടത്താന്‍ സഹായിക്കുക എന്ന ഫൗണ്ടേഷന്റെ ലക്ഷ്യം നിറവേറ്റാന്‍ സഹായിക്കാനായേക്കുമെന്ന് അദ്ദേഹം ഒരു പ്രസ്താവനയില്‍ പറയുന്നു. ഓരോ വര്‍ഷവും 900 കോടി ഡോളര്‍ വീതം വിതരണം ചെയ്യാനാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. ഈ ലക്ഷ്യം 2026 ല്‍ നേടാനാകുമെന്നാണ് പറയുന്നത്. ഇപ്പോള്‍ ഫൗണ്ടേഷന് നല്‍കുന്നതിന്റെ ഇരട്ടി തുകയാണ് ഇനി നല്‍കുക. തന്റെ കൈയ്യില്‍ നിന്ന് 2000 കോടി ഡോളര്‍ കൂടി നല്‍കുക വഴി ഫൗണ്ടേഷന്റെ ആസ്തി 7000 കോടി ഡോളറായി തീര്‍ന്നുവെന്നും പ്രസ്താവനിയില്‍ പറയുന്നു.
ബിൽഗേറ്റ്സ് കഴിഞ്ഞ വര്‍ഷം മെലിന്‍ഡാ ഫ്രെഞ്ച് ഗേറ്റ്സുമായുള്ള ദാമ്പത്യ ബന്ധം വേര്‍പെടുത്തിയിരുന്നു. ഗെയ്റ്റ്‌സിന്റെ സ്വത്തില്‍ മെലിന്‍ഡയ്ക്കും അവകാശമുണ്ട്. വിവാഹ മോചന സമയത്ത് ഇരുവരും 1500 കോടി ഡോളര്‍ ഫൗണ്ടേഷനു നല്‍കുമെന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തിരുന്നു. പുതിയ നിക്ഷേപം വഴി ഗേറ്റ്സ് തന്റെ പ്രതിജ്ഞ നിറവേറ്റിയിരിക്കുകയാണെന്നു പറയുന്നു. പറഞ്ഞതിലധികം പണം നല്‍കി. ബില്ലിന് ഒപ്പം പ്രവര്‍ത്തിക്കാനാവില്ലെങ്കില്‍ വിവാഹ മോചനം കഴിഞ്ഞ് രണ്ടുവര്‍ഷത്തിനു ശേഷം മെലിന്‍ഡ രാജിവച്ച് പുറത്തു പോകും. മെലിന്‍ഡയ്ക്ക് സ്വന്തമായി ഒരു ജീവകാരുണ്യ പ്രവര്‍ത്തന സ്ഥാപനവും ഉണ്ട് – പിവട്ടല്‍ വെഞ്ച്വേഴ്‌സ്. ബ്ലൂംബര്‍ഗ് ബില്ല്യനയേഴ്‌സ് പട്ടിക പ്രകാരം മെലിന്‍ഡയുടെ ഇപ്പോഴത്തെ ആസ്തി 1030 കോടി ഡോളറാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല