സ്വന്തം ലേഖകന്‍: സൗദിയിലെ അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി അഴികള്‍ക്കുള്ളിലായ സൗദി കോടീശ്വരന് മോചനം. അറേബ്യന്‍ രാജകുമാരനും ശതകോടീശ്വരനുമായ അല്‍വാലീദ് തലാലാണ് രണ്ടു മാസം നീണ്ടുനിന്ന തടവില്‍നിന്ന് മോചിതനായത്. അഴിമതി കേസുകളില്‍ നടത്തിവന്ന അന്വേഷണം പൂര്‍ത്തിയായ ഘട്ടത്തിലാണ് അല്‍വാലീദ് തലാല്‍ അടക്കമുള്ളവരെ പുറത്തുവിട്ടതെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഇവരുടെ ജയില്‍ മോചന വാര്‍ത്ത സംബന്ധിച്ച് സൗധി അധികൃതര്‍ പ്രതികരിച്ചിട്ടില്ല. രാജകുമാരന്‍ വീട്ടില്‍ എത്തിയതായി രാജകുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. അന്തരിച്ച അബ്ദുള്ള രാജാവിന്റെ മകനായ അല്‍വാലീദ് ബിന്‍ തലാല്‍ ട്വിറ്റര്‍, ആപ്പിള്‍ തുടങ്ങിയ ബഹുരാഷ്ട്രക്കമ്പനികളില്‍ വന്‍തോതില്‍ നിക്ഷേപമുള്ളയാളാണ്.
കഴിഞ്ഞ നവംബര്‍ മുതല്‍ അല്‍വാലീദ് തലാല്‍ സൗദിയില്‍ ജയിലില്‍ കഴിയുകയാണ്. ഇദ്ദേഹത്തെ കൂടാതെ നിരവധി ഉദ്യോഗസ്ഥരും വ്യവസായികളും ജയിലിലായിരുന്നു.
റിയാദ് പ്രവിശ്യയിലെ മുന്‍ ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ അബ്ദുള്ള രാജകുമാരന്‍, സൗദി റോയല്‍ കോടതിയുടെ മുന്‍ മേധാവി ഖാലിദ് അല്‍ തുവൈജ്രി, മുന്‍ ധനകാര്യമന്ത്രി ഇബ്രാഹിം അല്‍ അസ്സാഫ് എന്നിവരും വ്യവസായിയും സൗദി ബിന്‍ ലാദന്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ബാകിര്‍ ബിന്‍ ലാദന്‍, എം.ബി.സി. ടെലിവിഷന്‍ ശൃംഖല ഉടമ അല്‍വാലീദ് അല്‍ ഇബ്രാഹിം, സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് മുന്‍ ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ മുല്‍ഹൈം എന്നിവരും ജയിലിലായവരില്‍ ഉള്‍പ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല