1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2024

സ്വന്തം ലേഖകൻ: തടസ്സങ്ങള്‍ എല്ലാം നീക്കി രാജ്യത്തെ മാറ്റത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് പുതിയ ബ്രിട്ടീഷ് സര്‍ക്കാരിന്റെ നയപ്രഖ്യാനം. 39 ബില്ലുകള്‍ അവതരിപ്പിച്ച രാജാവിന്റെ പ്രസംഗത്തിനു ശേഷം പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞത്, എടുത്തു ചാടിയുള്ള നടപടികള്‍ ഒരു കാര്യത്തിലും ഉണ്ടാവുകയില്ല എന്നായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുള്ള പദ്ധതികളില്‍ വീടുകളുടെയും അടിസ്ഥന സൗകര്യങ്ങളുടെയും നിര്‍മ്മാണം കൂടുതല്‍ എളുപ്പത്തിലാക്കുന്നതിനായി ആസൂത്രണ സംവിധാനത്തില്‍ അടിമുടി മാറ്റങ്ങള്‍ കൊണ്ടു വരുന്നതും ഉള്‍പ്പെടും.

പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുക, റെയില്‍വേസ് പൊതുമേഖലയില്‍ കൊണ്ടു വരിക, തൊഴിലാളികളുടെ അവകാശങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയും സര്‍ക്കാര്‍ പരിപാടികളില്‍ ഉള്‍പ്പെടുന്നു. അതേസമയം, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമമാക്കുവാന്‍ കൊണ്ടുവന്ന ചില നിര്‍ദ്ദേശങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുമുണ്ട്. റിഷി സുനകിന്റെ, ഏറെ ചര്‍ച്ച ചെയ്യപ്പെട്ട, ഘട്ടം ഘട്ടമായുള്ള പുകവലി നിരോധനവും ഫുട്‌ബോള്‍ റെഗുലേഷനുമൊക്കെ അക്കൂട്ടത്തില്‍ പെടും.

അതേസമയം, ചില ലേബര്‍ എം പിമാരും എസ് എന്‍ പി എം പിമാരും ശക്തിയായി ആവശ്യപ്പെട്ട ടു ചൈല്‍ഡ് ബെനെഫിറ്റ് ക്യാപ് ഒഴിവാക്കി എന്നത് ശ്രദ്ധേയമാണ്. മുന്‍ ലേബര്‍ നേതാവും ഇപ്പോള്‍ ഐലിംഗ്ടണ്‍ നോര്‍ത്തില്‍ നിന്നുള്ള സ്വതന്ത്ര എം പിയുമായ ജെറെമി കോര്‍ബിനും ഇത് ഉടനടി നടപ്പിലാക്കണം എന്നാവശ്യപ്പെടുന്നവരില്‍ ഉള്‍പെടുന്നു. ഉടനടി അത് നിര്‍ത്തലാക്കാതെ, തങ്ങള്‍ അത് നിര്‍ത്തലാക്കും എന്ന് പറയുന്നതിന്റെ സാംഗത്യം എന്താണെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഒരു കുടുംബത്തിലെ മൂന്നാമത്തെയോ നാലാമത്തെയോ കുട്ടി ആദ്യ രണ്ട് കുട്ടികളേക്കാള്‍ വില കുറഞ്ഞവരാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതുപോലെ, ലേബര്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പരാമര്‍ശിച്ചിരുന്ന, 16 ഉം 17 ഉം വയസ്സുള്ളവര്‍ക്ക് വോട്ടവകാശം എന്ന വാഗ്ദാനവും രാജാവിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്നും അപ്രത്യക്ഷമായി. എന്നാല്‍, അത് പിന്നീടൊരു അവസരത്തില്‍ കൊണ്ടു വരുമെന്നാണ് മന്ത്രിമാര്‍ പറയുന്നത്. ഇക്കാര്യത്തില്‍ നിരാശയുണ്ടെന്ന് പറഞ്ഞ ഗ്രീന്‍ പാര്‍ട്ടി എം പി സിയാന്‍ ബെറി, ചെറിയ പ്രായക്കാര്‍ക്കും അവരുടെ സ്വന്തമായ ശബ്ദം പുറത്തറിയിക്കേണ്ടതുണ്ട് എന്നും പപറഞ്ഞു.

രാജാവിന്റെ പ്രസംഗത്തിനു ശേഷം പ്രസംഗിക്കാന്‍ എഴുന്നേറ്റ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ഋഷി സുനക്, എതിര്‍ക്കാന്‍ വേണ്ടി മാത്രമായി തങ്ങള്‍ സര്‍ക്കാരിനെ എതിര്‍ക്കില്ല എന്ന് പറഞ്ഞു. എന്നാല്‍, തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം നടപ്പിലാക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആസൂത്രണ സംവിധാനത്തില്‍ സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ എത്രയും പെട്ടെന്ന് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മെന്റല്‍ ഹെല്‍ത്ത് ആക്റ്റില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പരിഷ്‌കാരങ്ങളെ സ്വാഗതം ചെയ്ത ലിബറല്‍ ഡെമോക്രാറ്റ് ഉപ നേതാവ് ഡെയ്‌സി കൂപ്പര്‍ പക്ഷെ ആരോഗ്യ, സാമൂഹ്യ ക്ഷേമ മേഖലയില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും പറഞ്ഞു.

മേല്‍പ്പറഞ്ഞവ കൂടാതെ റെന്റേഴ്സ് റൈറ്റ് ബില്‍, ലീസ്‌ഹോള്‍ഡ് ആന്‍ഡ് കോമാണ്‍ഹോള്‍ഡ് പരിഷ്‌കരണ ബില്‍ എന്നിവയും രാജാവിന്റെ പ്രസംഗത്തില്‍ ഇടംപിടിച്ചു. അതുപോലെ, സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഒരു ഊര്‍ജ്ജ ഉല്‍പ്പാദന കമ്പനി രൂപീകരിക്കാനുള്ള ഗ്രെയ്റ്റ് ബ്രിട്ടീഷ് എനര്‍ജി ബില്‍, അടിസ്ഥാന സൗകര്യ വികസനങ്ങളിലും ഹരിത വ്യവസായങ്ങളിലും നിക്ഷേപിക്കുന്നതിനായി 7.3 ബില്യന്‍ പൗണ്ടിന്റെ പുതിയ ഫണ്ട് രൂപീകരിക്കുന്നതിനുള്ള നാഷണല്‍ വെല്‍ത്ത് ഫണ്ട് ബില്‍, സ്വകാര്യ ജലവിതരണ കമ്പനികള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടു വരുന്ന വാട്ടര്‍ ബില്‍ എന്നിവയും പ്രസംഗത്തില്‍ ഉള്‍പ്പെട്ടിരുന്നു

എല്ലാ റെയില്‍ സേവനങ്ങളെയും വീണ്ടും ദേശസാത്ക്കരിക്കുന്നതിനുള്ള റെയില്‍വേ ബില്‍, ബെറ്റര്‍ ബസ്സസ് ബില്‍, ഹൈ സ്പീഡ് റെയില്‍ ബില്‍ എന്നിവ ഗതാഗത മേഖലയില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരുമ്പോള്‍, പോലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ക്രൈം ആന്‍ഡ് പോലീസിംഗ് ബില്‍, തീവ്രവാദ ബില്‍ തുടങ്ങിയവ ക്രമസമാധാന പാലന രംഗത്ത് വന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കും എന്നാണ് കരുതപ്പെടുന്നത്. യു കെയിലേക്ക് മനുഷ്യരെ കടത്തുന്ന മാഫിയാ സംഘങ്ങള്‍ക്ക് എതിരെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം നടപടി എടുക്കുന്നതിനുള്ള അധികാരവും ബോര്‍ഡര്‍ ഫോഴ്സിന് നല്‍കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.