സ്വന്തം ലേഖകന്‍: ലോക പ്രശസ്ത സുവിശേഷ പ്രസംഗകനായ ബില്ലി ഗ്രഹാം അന്തരിച്ചു. 99 വയസ്സായിരുന്നു. നോര്‍ത്ത് കാരലിനയിലെ വസതിയില്‍വച്ചായിരുന്നു അന്ത്യം. കുറച്ചു നാളുകളായി വാര്ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്ന്ന് അവശനായിരുന്നു.
അറുപതു വര്‍ഷത്തോളം നീണ്ട സുവിശേഷ ജീവിതത്തില്‍ 214 ദശലക്ഷം പേര്‍ക്ക് ക്രൈസ്തവ തത്വങ്ങള്‍ ബില്ലി ഗ്രഹാം പകര്‍ന്നുനല്‍കിയതായാണ് അദ്ദേഹത്തിന്റെ വെബ്‌സൈറ്റ് നല്‍കുന്ന വിവരം. 1954 ല്‍ ലണ്ടനിലാണ് ബില്ലി ഗ്രഹാം തന്റെ സുവിശേഷ പ്രഭാഷണങ്ങള്‍ക്കു തുടക്കം കുറിച്ചത്. പതിനാറാം വയസില്‍ ഒരു യാത്രയ്ക്കിടെ ഒരു സുവിശേഷകനുമായി നടത്തിയ സംഭാഷണമാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് ബില്ലി ഗ്രഹാം പറഞ്ഞിട്ടുണ്ട്.
സുവിശേഷ പ്രസംഗകനെന്ന നിലയില്‍ 60 വര്‍ഷത്തോളം നീണ്ട പ്രവര്‍ത്തന കാലയളവില്‍, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. യുഎസ് പ്രസിഡന്റുമാരില്‍ ചിലരുടെ ആത്മീയ ഉപദേഷ്ടാവു കൂടിയായിരുന്നു ഇദ്ദേഹം. വിര്‍ജീനിയ, ആനി, റൂത്ത്, വില്യം ഫ്രാങ്ക്‌ളിന്‍ III, നെല്‍സണ്‍ എന്നിവരാണ് ബില്ലി ഗ്രഹാം – റൂത്ത് ഗ്രഹാം ദമ്പതികളുടെ മക്കള്‍. മകന് ഫ്രാങ്ക്‌ളിന് ആണ് ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റ് അസോസിയേഷന്റെ നിലവിലെ ചുമതലക്കാരന്‍. യുഎസ് പ്രസിഡന്റ് ഡൊണള്ഡ് ട്രംപിന്റെ വിശ്വസ്തരില് ഒരാള്‍ കൂടിയാണ് ഫ്രാങ്ക്‌ളിന്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല