ഒസാമ ബിന്‍ലാദന്റെ മക്കളില്‍ ഒരാള്‍ അമേരിക്കയോട് പിതാവിന്റെ മരണസര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതായി വിക്കീലീക്സ് വെളിപ്പെടുത്തല്‍. അമേരിക്കന്‍ നാവിക സേനയാണ് രഹസ്യ ഓപ്പറേഷനിലൂടെ ഒസാമയെ കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെയായിരുന്നു ഒസാമയുടെ മകന് മരണ സര്‍ട്ടിഫിക്കറ്റിനായി അമേരിക്കയെ സമീപിച്ചതെന്ന റിയാദിലെ അമേരിക്കന്‍ എംബസിയുടെ രേഖകള്‍ ഉദ്ധരിച്ച് വിക്കീലീക്സ് പറയുന്നു.
ഒസാമയുടെ മകന് അബ്ദുളള ബിന്‍ലാദനുളള മറുപടിക്കത്തില്‍ റിയാദിലെ അമേരിക്കന്‍ സ്ഥാനപതി ഗ്ലെന്‍ കെയ്സര്‍ ആണ് ഒപ്പ് വച്ചിരിക്കുന്നത്. 2011 സെപ്റ്റംബര്‍ ഒന്‍പതിനാണ് ഈ കത്ത് നല്‍കിയിട്ടുളളത്. അതായത് ലാദന് കൊല്ലപ്പെട്ട് നാലു മാസത്തിന് ശേഷം. മരണസര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുളള കത്ത് ലഭിച്ചതായും എന്നാല്‍ അത്തരത്തില്‍ ഒന്ന് നല്‍കേണ്ടതിന്റെ ആവശ്യമില്ലെന്ന് നിയമോപദേശം ലഭിച്ചതായും കെയ്സര്‍ മറുപടി കത്തില്‍ വ്യക്തമാക്കുന്നു. സൈനിക നടപടിയ്ക്കിടെ ഇത്തരത്തില്‍ ആളുകള്‍ കൊല്ലപ്പെടാറുണ്ടെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
അമേരിക്കന്‍ കോടതി രേഖകള്‍ പ്രകാരം ഒസാമയുടെ മരണം ക്രിമിനല്‍ കുറ്റത്തിനുളള ശിക്ഷയായാണ് രേഖപ്പെടുത്തിയിട്ടുളളതെന്ന് വിക്കീലീക്സ് പറയുന്നു. ഇതു മാത്രമല്ല വരും ദിവസങ്ങളില്‍ ബിന്‍ലാദനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും വിക്കിലീക്സ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല