1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2019

സ്വന്തം ലേഖകന്‍: അല്‍ ഖ്വയ്ദ നേതാവും ഉസാമ ബിന്‍ലാദന്റെ മകനുമായ ഹംസ ബിന്‍ലാദന്‍ കൊല്ലപ്പെട്ടെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥിരീകരണം. അഫ്ഗാനിസ്ഥാനിലും പാകിസ്താനിലുമായി അമേരിക്ക നടത്തിയ ഓപ്പറേഷനിലാണ് ഹംസ ബിന്‍ലാദന്‍ കൊല്ലപ്പെട്ടതെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

ഹംസ ബിന്‍ലാദന്റെ മരണം അല്‍ ഖ്വയ്ദയെ ഇല്ലാതാക്കാന്‍ സഹായകമാകുമെന്നും ഹംസ ബിന്‍ലാദന്‍ വിവിധ തീവ്രവാദ സംഘടനകളുടെ ഭാഗമായിരുന്നെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ഹംസ ബിന്‍ലാദന്‍ കൊല്ലപ്പെട്ടതായി ഓഗസ്റ്റില്‍ യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്‍.ബി.സി. ന്യൂസ്, ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് അമേരിക്കന്‍ പ്രതിരോധവകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്ന് വാര്‍ത്ത പുറത്തുവിട്ടത്.

അതേസമയം, കൊല്ലപ്പെട്ടത് എന്നാണെന്നോ എവിടെവെച്ചാണെന്നോ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചിരുന്നില്ല. രണ്ടുവര്‍ഷത്തിനിടെ യു.എസ്. ഇടപെട്ട് നടത്തിയ ഒരു ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. മാധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തുവിട്ടെങ്കിലും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതുവരെ ഇക്കാര്യം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിരുന്നില്ല.

ഉസാമ ബിന്‍ ലാദന്റെ മൂന്നാമത്തെ ഭാര്യയിലെ മകനാണ് ഹംസ. ലാദന്റെ 20 മക്കളില്‍ പതിനഞ്ചാമത്തെയാളും. സൗദി അറേബ്യക്കാരി ഖൈറ സബറാണ് ഹംസയുടെ മാതാവ്. ഹംസ അല്‍ ഖ്വയ്ദ ഭീകരസംഘടനയുടെ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നതായി യു.എസ്. ആഭ്യന്തരമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ നേതാവ് അല്‍ സവാഹിരിയുടെ തൊട്ടുതാഴെയാണ് സ്ഥാനമെന്നായിരുന്നു റിപ്പോര്‍ട്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.