സ്വന്തം ലേഖകൻ: ബിനീഷ് ബാസ്റ്റിനെ അപമാനിച്ചുവെന്ന ആരോപണത്തിൽ തനിക്കെതിരായ എല്ലാ ആരോപണങ്ങളെയും നിഷേധിച്ച് അനിൽ രാധാകൃഷ്ണൻ മേനോൻ. താൻ മൂലം ബുദ്ധിമുട്ടുണ്ടായെങ്കിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
“എന്റെ സിനിമകളിൽ ചാൻസ് ചോദിച്ച് വന്നുവെന്ന് ഞാനും കേട്ടു. അതൊക്കെ പറഞ്ഞുണ്ടാക്കുന്നതാണ്. മൂന്നാംകിടയോ രണ്ടാംകിടയോ നടന്മാരില്ല. എല്ലാവരും അഭിനേതാക്കളാണ്. അത് ഞാൻ മുൻപേ പറഞ്ഞിട്ടുള്ളതുമാണ്,” എന്ന് പറഞ്ഞ അനിൽ നടന്ന സംഭവം വിശദീകരിച്ചു.
“എന്നെ മിനിഞ്ഞാന്നാണ് കോളേജ് മാഗസിൻ പ്രകാശനം ചെയ്യാൻ വരണം എന്ന് പറഞ്ഞ് വിളിച്ചത്. കംഫർട്ടബിൾ അല്ല, വരുന്നില്ലെന്ന് അപ്പോൾ തന്നെ പറഞ്ഞു. പിന്നെ ഈ പാലക്കാട് മെഡിക്കൽ കോളേജ് ഇന്ത്യയിൽ 80 ശതമാനം സംവരണമുള്ള രണ്ട് കോളേജുകളിൽ ഒന്നാണ്. ആ കാരണം കൊണ്ട് പിന്നീട് തീരുമാനം മാറ്റി.”
“അന്ന് വൈകുന്നേരം നാലരയാകുമ്പോൾ പ്രിൻസിപ്പാളിന്റെ ലെറ്ററുമായി മൂന്നോ നാലോ ഫാക്വൽറ്റി മെമ്പർമാരും യൂണിയൻ പ്രതിനിധികളും വന്ന് ഇൻവൈറ്റ് ചെയ്യണം എന്നാൽ മാത്രം വരാമെന്ന് അവരോട് പറഞ്ഞു. അതുപ്രകാരം അവർ വന്നു. വേറെ ആരെയെങ്കിലും ഇൻവൈറ്റ് ചെയ്തോയെന്ന് അവരോട് ചോദിച്ചു. വൈകിയത് കൊണ്ട് ആരെയും കിട്ടിയില്ല എന്ന് അവർ പറഞ്ഞു.”
“ഞാനൊരിക്കലും സ്കൂളിലും കോളേജിലും പരിപാടികൾക്ക് പോകാൻ പണം വാങ്ങാറില്ല. മറ്റുള്ളവർക്ക് അത് കിട്ടുന്നത് മുടക്കാൻ സാധ്യതയുള്ളത് കൊണ്ട് മറ്റാരെങ്കിലും ഉണ്ടെങ്കിൽ പോകാറുമില്ല. അടുത്ത ദിവസം പതിനൊന്ന് മണിയാകുമ്പോൾ ബിനീഷ് ബാസ്റ്റിൻ വരുന്ന കാര്യം പറഞ്ഞ് അവര് വിളിച്ചു. എന്നാൽ ഞാൻ വരുന്നില്ലെന്ന് അവർക്ക് മറുപടിയും നൽകി. ബിനീഷല്ല, ആരായാലും അങ്ങിനെയാണ്. ഒന്നാമത് ഞാൻ കംഫർട്ടബിൾ അല്ല, പിന്നെ അവർക്ക് കിട്ടുന്ന മോണിറ്ററി ബെനഫിറ്റ് മുടക്കേണ്ടെന്ന് കരുതി കൂടിയാണ് അങ്ങനെ തീരുമാനം.”
“ബിനീഷ് ജനങ്ങൾക്ക് നല്ല ഇഷ്ടമുള്ള ആളാണ്. ഫെഫ്ക പ്രകിനിധികൾ വിളിച്ചു. അവരോട് സംസാരിച്ചു. കൃത്യമായ എന്റെ മറുപടി പറഞ്ഞു. അവർ ഒരു ലെറ്റർ അയക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അതിന് ഞാൻ മറുപടി നൽകണം.”
“എന്നെ ഇൻവൈറ്റ് ചെയ്തത് കോളേജ് ചെയർമാനല്ല. അയാളോട് ഞാൻ സംസാരിച്ചിട്ടില്ല. കോളേജിലെ ഒരു ഫാക്വൽറ്റി, സ്റ്റുഡറ്റ് എഡിറ്റർ, എഡിറ്റോറിയൽ ബോർഡിലെ രണ്ട് പേർ എന്നിവരാണ് എന്നെ ക്ഷണിച്ചത്. ജാതിയോ മതമോ പറഞ്ഞ് ആർക്കും ആരെയും അപമാനിക്കാൻ ഇവിടെ അധികാരമില്ല. ഇതിനകത്തൊരു പരിഹാരത്തിനാണെങ്കിൽ ചർച്ചയ്ക്കും തയ്യാറാണ്. ഇതിപ്പോൾ ഓൺലൈനിലെ ട്രന്റാണ്. എനിക്ക് വന്ന തെറികൾക്ക് ഒരു കണക്കുമില്ല,” അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല