യുകെ മലയാളികളുടെ പ്രിയങ്കരനായിരുന്ന ബിനോയ് തോമസ് അന്തരിച്ചു. 46 വയസായിരുന്നു. ഇന്നലെ രാവിലെ പത്തരയോടെ കാര്‍ഡിഫ് ആശുപത്രിയിലായിരുന്നു മരണം.
കഴിഞ്ഞ വര്‍ഷം ട്യൂമര്‍ ബാധയെത്തുടര്‍ന്ന് ബിനോയ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അതിനെ തുടര്‍ന്ന് വിശ്രമ ജീവിതത്തിലയിരുന്ന ബിനോയിയെ കഴിഞ്ഞ ഒരു മാസമായി പഴയ രോഗലക്ഷണങ്ങള്‍ വീണ്ടും ശല്യപ്പെടുത്തുകയായിരുന്നു.
ട്യൂമര്‍ വീണ്ടും വളരുന്നതിന്റെ ലക്ഷണങ്ങള്‍ ഡോക്ടര്‍മാര്‍ കണ്ടുപിടിച്ചതിനെ തുടര്‍ന്ന് വീണ്ടും ഓപ്പറേഷന്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ തലചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ഓപ്പറേഷന്‍ നടത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ഇന്നലെ രാവിലെ പെട്ടെന്ന് രക്തസ്രാവം നിയന്ത്രണാതീതമാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
തൊടുപുഴ കരിങ്കുന്നം സ്വദേശിയായ ബിനോയ് നാലു വര്‍ഷം മുമ്പാണ് ലിവര്‍പൂളില്‍ നിന്ന് സ്വാന്‍സിയിലേക്ക് താമസം മാറിയത്. യുകെകെസിഎയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ബിനോയ് ലിവര്‍പൂളിലും സ്വാന്‍സിയിലും ഒരുപാട് സൗഹൃദങ്ങളുള്ള വ്യക്തിയുമായിരുന്നു. ശാലിനിയാണ് ഭാര്യ. ഏഴു വയസുള്ള ഇമ്മാനുവല്‍ ഏക മകനാണ്.
മൃതദേഹം അടുത്ത ആഴ്ച സ്വാസിയില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം നാട്ടിലേക്ക് കൊണ്ടു പോകുകയും ഇടവക പള്ളിയായ സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ സംസ്‌ക്കരിക്കുകയും ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല