കഴിഞ്ഞ ദിവസം യുകെയിലെ പൊതു സമൂഹത്തിൽ നിന്നും വളരെ ചെറുപ്രായത്തിൽ സ്വപ്നങ്ങളെല്ലാം ബാക്കി വച്ച് അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട സഹോദരങ്ങളായ ബിൻസ് രാജൻ (31), അർച്ച നിർമ്മൽ (24) എന്നിവർ പകർന്ന വേദന യുകെയിലെ മലയാളി സമൂഹത്തിനൊപ്പം ഇംഗ്ലീഷുകാർ ഉൾപ്പടെയുള്ള ഇന്നാട്ടുകാരും നെഞ്ചിലേറ്റിയപ്പോൾ മൂന്ന് ദിവസം കൊണ്ട് സഹായ നിധിയിലേക്ക് ഒഴുകിയെത്തിയ തുക നിക്ഷേപിച്ച സുമനസുകളുടെ മുന്നിൽ, വേർപിരിഞ്ഞു പോയവരുടെ പ്രിയപ്പെട്ട കുടുംബാംഗങ്ങളോടും സ്നേഹിതരോടുമൊപ്പം യുക്മ ദേശീയ സമിതിയും, ലൂട്ടൺ കേരളൈറ്റ്സ് അസോസിയേഷനും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
പ്രിയപ്പെട്ടവരുടെ ഭൗതിക ശരീരങ്ങൾ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കാനുള്ള കാര്യങ്ങൾ ചെയ്തു വരുന്നു. യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ, നോർക്ക തുടങ്ങിയ ഗവൺമെൻ്റ് സംവിധാനങ്ങളും ഇക്കാര്യത്തിൽ യുക്മയ്ക്ക് ശക്തമായ പിന്തുണ നൽകി വരുന്നു.
വേർപിരിഞ്ഞു പോയവരുടെ കുടുംബത്തിൻ്റെ ആവശ്യപ്രകാരം അവരുടെ അനുമതിയോടെ ആരംഭിച്ച ഫണ്ട് ശേഖരണം മൂന്ന് ദിവസത്തിനകം പൂർത്തിയാക്കുവാനുള്ള മുൻ തീരുമാനപ്രകാരമാണ് ലക്ഷ്യം വച്ചിരുന്ന തുകയായ £70000 പൂർത്തിയാക്കിയപ്പോൾ ഇന്നലെ രാത്രി തന്നെ അവസാനിപ്പിച്ചത്. പൊതു സമൂഹത്തിൽ നിന്നും ഇക്കഴിഞ്ഞ മൂന്ന് ദിവസവും ലഭിച്ച എണ്ണിയാലൊടുങ്ങാത്ത ഫോൺ വിളികളിലെല്ലാം ഫണ്ട് ശേഖരണം നീട്ടിക്കൊണ്ടു പോകണമെന്ന അഭ്യർത്ഥനയായിരുന്നു. മുൻ നിശ്ചയപ്രകാരം മൂന്ന് ദിവസത്തിനുള്ളിൽ അവസാനിപ്പിക്കാൻ യുക്മ ദേശീയ സമിതി ലൂട്ടൺ കേരളൈറ്റ്സ് അസോസിയേഷൻ ഭാരവാഹികളുമായി ആലോചിച്ച് സംയുക്തമായാണ് ഈ തീരുമാനം എടുത്തത്.
ഫണ്ട് ശേഖരണം ആരംഭിച്ചപ്പോൾ നിശ്ചയിച്ചിരുന്ന തുക പൊതുസമൂഹത്തിൻ്റെ അഭ്യർത്ഥന മാനിച്ച് ഉയർത്തേണ്ടി വന്നിരുന്നു. വിവിധ പ്രസ്ഥാനങ്ങൾ അവരവരുടെ സംഘടനാംഗങ്ങളിൽ നിന്നും ശേഖരിച്ച തുക കൂടി പൊതു ഫണ്ടിലേക്ക് നിക്ഷേപിക്കാൻ അവസരമൊരുക്കണമെന്ന് പ്രസ്തുത സംഘടനാ നേതൃത്വങ്ങളും ആവശ്യപ്പെട്ടിരുന്നു. ഇത്തരുണത്തിൽ ഇപ്രകാരം ഫണ്ട് ശേഖരിച്ച ഐ.എം.എ ബാൻബറി, ഡി.എം.എ ഡോർസെറ്റ്, സൗത്തെൻഡ് മലയാളി അസോസിയേഷൻ തുടങ്ങിയ യുക്മ അംഗ അസോസിയേഷനുകൾക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
യുക്മ ദേശീയ സമിതി അംഗ അസോസിയേഷനായ ലൂട്ടൺ കേരളൈറ്റ് അസോസിയേഷനുമായി കൂടിയാലോചിച്ച് ആരംഭിച്ച ഫണ്ട് ശേഖരണം എല്ലാ അംഗ അസോസിയേഷനുള്ളിലേക്കും മെയിൽ മുഖാന്തിരം എത്തിക്കുകയായിരുന്നു. യുകെയിലെ എല്ലാ മേഖലകളിലുമായി വ്യാപിച്ച് നിൽക്കുന്ന യുക്മയുടെ പോഷക സംഘടനകൾ ഉൾപ്പെടുന്ന സംഘടനാ സംവിധാനം കൃത്യമായും ആത്മാർത്ഥമായും പ്രവർത്തിച്ചാണ് ഫണ്ട് ശേഖരണം വിജയിപ്പിച്ചത്. ഇക്കാര്യത്തിന് യു കെയിലെ പൊതു സമൂഹവും, യുക്മ സഹയാത്രികരും, മറ്റ് സംരംഭകരും കലവറയില്ലാത്ത പിന്തുണ നൽകുകയായിരുന്നു. കൂടാതെ നിരവധിയായ സ്ഥാപനങ്ങളും വ്യക്തികളും ആത്മാർത്ഥമായി ഇക്കാര്യത്തിന് ഞങ്ങളോടൊപ്പം സഹകരിച്ചിട്ടുണ്ട്. മനോരമ ഉൾപ്പെടെയുള്ള മലയാള പത്രമാധ്യമങ്ങൾ, സൺ തുടങ്ങിയ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങൾ തുടങ്ങി എല്ലാവരോടും ഈയവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു.
171 1/21 തിങ്കളാഴ്ച രാവിലെ ഗ്ലോസ്റ്ററിന് സമീപം ചെൽറ്റൻഹാമിലുണ്ടായ കാറപകടത്തിൽ എറണാകുളം മൂവാറ്റുപുഴയ്ക്ക് സമീപം കുന്നയ്ക്കാൽ സ്വദേശി ബിൻസ് രാജൻ (32), കൊല്ലം സ്വദേശി അർച്ചന നിർമ്മൽ എന്നിവർ മരണമടഞ്ഞത്. ബിൻസ് രാജൻ അനഘ ദമ്പതികളുടെ കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. കാറിലുണ്ടായിരുന്ന മറ്റുള്ളവർ അപകടനില തരണം ചെയ്തു കഴിഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിലാണ് ബിൻസ് രാജൻ ഭാര്യ അനഖയും രെു വയസുള്ള കുട്ടിയുമൊത്ത് യുകെയിലെത്തിയത്. അർച്ച ഭർത്താവ് നിർമ്മലുമൊന്നിച്ച് പഠനത്തിനാണ് യു കെയിലെത്തിയത്. അനഘയും, അർച്ചയും ലൂട്ടൺ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല