1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2025

സ്വന്തം ലേഖകൻ: ബയോമെട്രിക് വിരലടയാളം ഇനിയും രജിസ്റ്റർ ചെയ്യാൻ ബാക്കിയുള്ള പ്രവാസികൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ബയോമെട്രിക് രജിസ്ട്രേഷനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിച്ച സാഹചര്യത്തിലാണിത്. ഇവർക്ക് രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യണമെങ്കിൽ ഇനി വിരലടയാള രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഡിസംബര്‍ 31ന് മുമ്പായി ബയോമെട്രിക് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തിയവരുടെ സര്‍ക്കാര്‍, ബാങ്കിങ് ഇടപാടുകള്‍ ജനുവരി ഒന്ന് മുതൽ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഇതിനു പുറമെയാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതു പ്രകാരം ബയോമെട്രിക് രജിസ്ട്രേഷൻ എടുക്കാത്ത പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാനോ പുറത്തുകടക്കാനോ കഴിയില്ല.

കഴിഞ്ഞ വര്‍ഷം കുവൈത്ത് പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും ബയോമെട്രിക് ഫിംഗര്‍പ്രിന്റിംഗിന് വിധേയമാകാനുള്ള സമയപരിധി ഒരു തവണ നീട്ടി നൽകിയിരുന്നു. പുതുക്കിയ കാലാവധി പ്രകാരം കുവൈത്ത് പൗരൻമാർക്ക് സെപ്റ്റംബര്‍ 30 വരെ സമയം അനുവദിച്ചിരുന്നു. പ്രവാസികൾക്ക് ഡിസംബർ 31 വരെയും.

ഇതുവരെ ആകെ 3.5 ദശലക്ഷം കുവൈത്തികളും പ്രവാസികളും വിരലടയാളം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ എവിഡന്‍സ് വകുപ്പിലെ ഉദ്യോഗസ്ഥൻ തലാല്‍ അല്‍ ഖാലിദി പറഞ്ഞു. ബയോ മെട്രിക് രജിസ്ട്രേഷൻ എടുക്കേണ്ട 26 ലക്ഷം പ്രവാസികളിൽ 181,718 പേരാണ് ഇനി ബാക്കിയുള്ളതെന്നും അദ്ദേഹം കുവൈത്ത് റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അറിയിച്ചു.

ഇവർക്കായി എട്ട് കേന്ദ്രങ്ങളില്‍ ബയോമെട്രിക് ഫിംഗര്‍പ്രിന്റിംഗിനായി ജനറല്‍ ക്രിമിനല്‍ എവിഡന്‍സ് വകുപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ആഴ്ചയിൽ എല്ലാ ദിവസവും അവ തുറന്ന് പ്രവർത്തിക്കുമെന്നും അല്‍ ഖാലിദി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.