സ്വന്തം ലേഖകൻ: യൂറോപ്യന്‍ യൂണിയനില്‍ പ്രവേശിക്കുന്നവരുടെ വിരലടയാളങ്ങള്‍ എടുക്കുന്നതിന് നവംബര്‍ 10 മുതല്‍ ആരംഭിക്കാനിരുന്ന പദ്ധതി ഫ്രാന്‍സ്, ജര്‍മ്മനി, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങള്‍ ആശങ്ക അറിയിച്ചതിനെ തുടര്‍ന്ന് നീട്ടിവെച്ചു. യൂറോപ്യന്‍ ഇതര പൗരന്മാര്‍ക്ക് ഷെന്‍ഗന്‍ പ്രദേശത്തേക്ക് പ്രവേശിക്കുന്നതിനായി വിരലടയാളമോ ഫോട്ടോയോ നിര്‍ബന്ധമാക്കുന്ന എന്‍ട്രി – എക്സിറ്റ് സിസ്റ്റം (ഇ ഇ എസ്ബ ഇതിനോടകം തന്നെ രണ്ടു തവണ നീട്ടിവെച്ചിരുന്നു. കഴിഞ്ഞ വര്‍ഷം വേനല്‍ക്കാലത്ത് ഇത് നടപ്പിലാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, ഫ്രാന്‍സ് ആശങ്ക അറിയിച്ചതിനെ തുടര്‍ന്ന് അന്ന് അത് നീട്ടിവയ്ക്കുകയായിരുന്നു.
ശരത്കാലത്തെ റഗ്ബി ലോകകപ്പിനെയും ഒളിമ്പിക്സിനെയും ഇത് പ്രതികൂലമായി ബാധിക്കും എന്നായിരുന്നു അന്ന് ഫ്രാന്‍സ് പറഞ്ഞത്. തുടര്‍ന്ന് അത് ഈ വര്‍ഷം ഒക്ടോബര്‍ 6 മുതല്‍ നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, യൂറോപ്യന്‍ യൂണിയനിലേക്ക് ഉണ്ടാകാന്‍ ഇടയുള്ള സ്‌കൂള്‍ യാത്രകളെ ഇത് പ്രതികൂലമായി ബാധിച്ചേക്കാം എന്നതിനാല്‍ നവംബര്‍ വരെ ഇത് നീട്ടിവയ്ക്കുകയായിരുന്നു. എന്നാല്‍, കഴിഞ്ഞമാസം, ഇത് നടപ്പിലാക്കുന്ന തീയതി യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചെങ്കിലും, പുതിയ എന്‍ട്രി എക്സിറ്റ് സിസ്റ്റത്തിന്റെ ഏതെങ്കിലും ഉടനെ നിലവില്‍ വരാന്‍ സാധ്യത കുറവാണെന്നാണ് ഒരു ഇ യു നയതന്ത്ര ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
ഇതിന് ഒരു ബദല്‍ സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട അടിയന്തിര നടപടികളെ കുറിച്ച് ഇന്ന് ലക്സംബര്‍ഗില്‍ ചേരുന്ന ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനത്തില്‍ വിശദീകരിക്കും. ഓരോ തുറാമുഖങ്ങളിലും ഓരോ വിമാനത്താവളങ്ങളിലും മാസങ്ങളോ വര്‍ഷങ്ങളോ സമയമെടുത്ത് ഘട്ടം ഘട്ടമായി ഈ പദ്ധതി നടപ്പിലാക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. ഒരു ഇ ഇ എസ് ലൈറ്റ് അടുത്തവര്‍ഷം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതായി വാര്‍ത്തയുണ്ടെങ്കിലും ഇതിനായി ഒരു തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
പാസ്സ്‌പോര്‍ട്ടിലുള്ള ഡാറ്റ ഒരു കേന്ദ്രീകൃത ഡാറ്റാബേസിലേക്ക് അപ്ലോഡ് ചെയ്യുകയും, ഫിംഗര്‍ പ്രിന്റ്, ഫേസ് റെക്കഗ്‌നിഷന്‍ ഡാറ്റകള്‍ മറ്റൊരിക്കല്‍ അപ്ലോഡ് ചെയ്യുകയുമാണ് ഈ ലൈറ്റ് വേര്‍ഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഡോവര്‍ പോര്‍ട്ട് പോലുള്ള സ്ഥലങ്ങളില്‍ യാത്രക്കാര്‍ക്ക് കാറുകളില്‍ നിന്നോ ബസ്സുകളില്‍ നിന്നോ ഇറങ്ങി ഫിംഗര്‍ പ്രിന്റുകളും മറ്റും നല്‍കുന്നതിനുണ്ടാകുന്ന കാലതാമസം ഇതിനൊരു വെല്ലുവിളിയാണ്. ഇപ്പോള്‍ അതിര്‍ത്തികളില്‍ ബയോമെട്രിക് ഡാറ്റ ശേഖരിക്കുന്ന നിയമം മാറ്റി പകരം യാത്രക്കാര്‍ക്ക് അവരുടെ ഡാറ്റ ഒരു ആപ്പിലോ അതല്ലെങ്കില്‍, തുറമുഖങ്ങളില്‍ നിന്നും വിമാനത്താവളങ്ങളില്‍ നിന്നും അകന്നു മാറിയുള്ള സുരക്ഷിതമായ മറ്റൊരിടത്തോ അപ്ലോഡ് ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കുക എന്നതാണ് മറ്റൊരു നിര്‍ദ്ദേശം.
യൂറോപ്പിലേക്കെത്തുന്ന സന്ദര്‍ശകരില്‍ 40 ശതമാനത്തോളം പേര്‍ എത്തുന്നത് ഫ്രാന്‍സ്, ജര്‍മ്മനി, നെതര്‍ലാന്‍ഡ്‌സ് എന്നീ മൂന്ന് രാജ്യങ്ങളിലേക്കാണ്. ഇത്തരമൊരു പദ്ധതി നടപ്പിലാക്കാനുള്ള സമ്മതി പത്രത്തില്‍ ഒപ്പു വയ്ക്കില്ലെന്ന് ഈ മൂന്ന് രാജ്യങ്ങളും യൂറോപ്യന്‍ കമ്മീഷനെ സെപ്റ്റംബര്‍ ആദ്യം രേഖാമൂലം അറിയിച്ചിരുന്നു. ക്രിസ്ത്മസ് കാലത്തും ഫെബ്രുവരിയിലെ സ്‌കൂള്‍ അവധി കാലത്തും ഡോവര്‍ വഴി യു കെയില്‍ നിന്നെത്തുന്ന യാത്രക്കാരെ കുറിച്ചുള്ള ആശങ്കയും ഫ്രാന്‍സ് അറിയിച്ചിരുന്നു. അതിനു ശേഷം ചര്‍ച്ചകള്‍ നടക്കുകയാണെങ്കിലും ഒരു തീരുമാനം ഇതുവേ ഉണ്ടായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല