സ്വന്തം ലേഖകൻ: ഒക്ടോബര്‍ ഒന്ന് മുതല്‍ കുവൈത്തിലെ ഷോപ്പിങ് മാളുകളിലെ ബയോമെട്രിക് വിരലടയാള സേവനങ്ങള്‍ അവസാനിപ്പിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബയോമെട്രിക് വിരലടയാളം രജിസ്‌ട്രേഷന്‍ ഇനിയും പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള താമസക്കാരും പൗരന്മാരും ഒക്ടോബര്‍ ഒന്നിനു ശേഷം ക്രിമിനല്‍ തെളിവുകള്‍ക്കായുള്ള പബ്ലിക് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പേഴ്സണല്‍ ഐഡന്‍റിറ്റി വെരിഫിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിന് കീഴിലുള്ള നിയുക്ത കേന്ദ്രങ്ങളില്‍ നേരിട്ടെത്തി അത് പൂര്‍ത്തിയാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ഒക്ടോബര്‍ ഒന്നു മുതല്‍ ബയോമെട്രിക് ഫിംഗര്‍ പ്രിന്‍റിങ് രജിസ്‌ട്രേഷന്‍ ആവശ്യമുള്ളവര്‍ക്ക് ദിവസവും രാവിലെ എട്ടു മണി മുതല്‍ രാത്രി 10 മണി വരെ പ്രവര്‍ത്തിക്കുന്ന നിയുക്ത കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാം. ഈ സേവനങ്ങള്‍ ആക്‌സസ് ചെയ്യുന്നതിന്, വ്യക്തികള്‍ സഹല്‍ ആപ്ലിക്കേഷന്‍ വഴി അപ്പോയിന്‍റ്മെന്‍റ് ബുക്ക് ചെയ്യണമെന്നും ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
സെപ്റ്റംബര്‍ 30 വരെ, ബയോമെട്രിക് വിരലടയാളം 360 മാള്‍, ദി അവന്യൂസ്, അല്‍ അസിമ, മന്ത്രാലയം കോംപ്ലക്‌സ് എന്നിവിടങ്ങളില്‍ മുന്‍കൂര്‍ അപ്പോയിന്‍റ്മെന്‍റുകളില്ലാതെ നടത്താം. എന്നാല്‍ ഒക്ടോബര്‍ ഒന്നു മുതല്‍ എല്ലാ മാള്‍ അധിഷ്ഠിത ബയോമെട്രിക് സ്റ്റേഷനുകളും പ്രവര്‍ത്തനം നിര്‍ത്തും. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രീകൃത ലൊക്കേഷനുകളിലൂടെയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയും സേവനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള കുവൈത്തിന്‍റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ മാറ്റമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതിനിടെ, രാജ്യത്തെ സ്വദേശികളും വിദേശികളും ബയോമെട്രിക് രജിസ്ട്രേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. സ്വദേശികള്‍ക്ക് സെപ്റ്റംബര്‍ 30 ഉം പ്രവാസികള്‍ക്ക് ഡിസംബര്‍ 31 മാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനുള്ള അവസാന സമയപരിധി. കാലാവധിക്കുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ഇവരുടെ ബാങ്കിങ് സേവനങ്ങള്‍ ഉള്‍പ്പെടെ റദ്ദാക്കുന്ന ശക്തമായ നടപടികളാണ് അധികൃതര്‍ സ്വീകരിക്കുക. തുടക്കത്തില്‍ ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിങ്, എടിഎം സേവനങ്ങളും പിന്നീട് പണം ഇടപാടുകള്‍ അടക്കമുള്ള ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട മുഴുവന്‍ സേവനങ്ങളും നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. വീസ പുതുക്കല്‍, വീസിറ്റ് വീസകള്‍, ഫാമിലി വീസകള്‍ക്ക് അപേക്ഷിക്കല്‍, ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളെയും അത് ബാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല