1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2024

സ്വന്തം ലേഖകൻ: കുവൈത്തിലെ 87 ശതമാനം പ്രവാസികളും ഇതിനകം ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ പേഴ്സണല്‍ ഐഡന്റിഫിക്കേഷന്‍ ഡിവിഷന്‍ ഡയറക്ടര്‍ ബ്രിഗ് നയെഫ് അല്‍ മുതൈരിയാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ 31വരെ സമയപരിധി നിശ്ചയിച്ചിരിക്കുന്നതിനാല്‍ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രവാസികളോട് അദ്ദേഹം അഭ്യര്‍ഥിച്ചു.

അവസാനത്തോട് അടുക്കും തോറും ബയോമെട്രിക് രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് വലിയ തോതില്‍ വര്‍ധിക്കുമെന്നതിനാല്‍ എത്രയും വേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നും പ്രവാസികളോട് അദ്ദേഹം അഭ്യര്‍ഥിച്ചു. ഏകദേശം 98 ശതമാനം കുവൈത്ത് പൗരന്മാര്‍ ഇതിനകം തന്നെ അവരുടെ ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചതായി അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ സെപ്റ്റംബര്‍ 30 ആയിരുന്നു സ്വദേശികള്‍ക്ക് ബയോമെട്രിക് രജിസ്‌ട്രേഷന്‍ നടത്തേണ്ട സമയം. നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ പ്രക്രിയ ഇതുവരെ പൂര്‍ത്തിയാക്കാത്ത 20,000 പൗരന്മാര്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നും അല്‍ മുതൈരി കൂട്ടിച്ചേര്‍ത്തു.

കുവൈത്തില്‍ കൃത്യമായ തിരിച്ചറിയല്‍ ഉറപ്പാക്കുന്നതിനും സുരക്ഷാ നടപടികള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള നിര്‍ണായക പ്രക്രിയയായി ബയോമെട്രിക് രജിസ്‌ട്രേഷന്‍ മാറിക്കഴിഞ്ഞു. പ്രവാസികളും പൗരന്മാരും ഗവണ്‍മെന്റ് ചട്ടങ്ങള്‍ പാലിക്കുന്നതിന് നിയുക്ത സമയപരിധിക്കുള്ളില്‍ ഈ നടപടിക്രമത്തിന് വിധേയരാകേണ്ടതുണ്ട്.

പ്രവാസികള്‍ക്ക് കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിയുക്ത കേന്ദ്രങ്ങളില്‍ ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക സര്‍ക്കാര്‍ വെബ്‌സൈറ്റിലും അടുത്തുള്ള രജിസ്‌ട്രേഷന്‍ കേന്ദ്രത്തിലും ലഭിക്കും.

കുവൈത്ത് പൗരന്‍മാര്‍ക്ക് തങ്ങളുടെ വിരലടയാളം ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള സമയ പരിധി ഇന്നത്തോടെ അവസാനിക്കും. സെപ്തംബര്‍ 30നകം ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്തുന്നതില്‍ പരാജയപ്പെടുന്നവര്‍ക്ക് നാളെ മുതല്‍ കര്‍ശനമായ ബാങ്കിങ് നിയന്ത്രണങ്ങള്‍ നേരിടേണ്ടിവരുമെന്ന് ബാങ്കിങ് വൃത്തങ്ങള്‍ അറിയിച്ചു.

നവംബര്‍ ഒന്ന് മുതല്‍, നിബന്ധനകള്‍ പാലിക്കാത്ത പൗരന്മാരുടെ അക്കൗണ്ടുകള്‍ പൂര്‍ണമായും മരവിപ്പിക്കും. അവരുടെ ഫണ്ടുകളിലേക്കും ഇലക്ട്രോണിക് ബാങ്കിങ് സേവനങ്ങളിലേക്കും പ്രവേശനം നിയന്ത്രിക്കും. നിശ്ചിത സമയപരിധിക്കുള്ളില്‍ വിരലടയാളം രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ടതാണ് പ്രാഥമിക നടപടികള്‍. രജിസ്‌ട്രേഷന്‍ നടത്താത്തവരുടെ അക്കൗണ്ട് ബാലന്‍സുകള്‍, സ്റ്റേറ്റ്‌മെന്റുകള്‍, പണം കൈമാറ്റം എന്നിവയിലേക്കുള്ള ആക്‌സസ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് സേവനങ്ങളും പേയ്‌മെന്റുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ തടയപ്പെടും. ഉപഭോക്താക്കള്‍ക്ക് ഇലക്ട്രോണിക് ഇടപാടുകള്‍ക്കായി അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല.

തുടര്‍ന്നുള്ള രണ്ടാഴ്ചയ്ക്കകം ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കെ-നെറ്റ്, വീസ, മാസ്റ്റര്‍കാര്‍ഡ് എന്നിവയുള്‍പ്പെടെ എല്ലാ ബാങ്ക് കാര്‍ഡുകളും പ്രവര്‍ത്തനരഹിതമാക്കുക, അക്കൗണ്ട് പൂര്‍ണ്ണമായും ഫ്രീസ് ചെയ്യുക തുടങ്ങിയവയായിരിക്കും തുടര്‍ നടപടികള്‍. ഇതോടെ അക്കൗണ്ടില്‍ നിന്ന് നേരിട്ട് പണം പിന്‍വലിക്കാന്‍ കഴിയാതെ വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.