സ്വന്തം ലേഖകൻ: കുവൈത്തിലെ പ്രവാസികള്‍ക്ക് ബയോ മെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി ഇന്ന് ഡിസംബര്‍ 31ന് അവസാനിക്കാനിരിക്കെ രണ്ടേകാല്‍ ലക്ഷത്തോളം പേര്‍ ഇനിയും ബാക്കിയുണ്ടെന്ന് അധികൃതര്‍. നിശ്ചിത സമയപരിധിക്കുള്ളില്‍ ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്താത്ത പ്രവാസികള്‍ക്കുള്ള എല്ലാ സര്‍ക്കാര്‍ ഇടപാടുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്‌മെൻ്റെ് ഓഫ് ക്രിമിനല്‍ എവിഡന്‍സ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ഈദ് അല്‍ ഉവൈഹാന്‍ അറിയിച്ചു.
അതേസമയം, നടപടിക്രമം പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ടവരില്‍ നിന്ന് പിഴ ചുമത്തുമെന്ന പ്രചാരണങ്ങള്‍ അദ്ദേഹം നിഷേധിച്ചു.
റസിഡന്‍സ് പെര്‍മിറ്റ് പുതുക്കുന്നത് ഉള്‍പ്പെടെയുള്ള റെസിഡന്‍സി സേവനങ്ങള്‍ അവര്‍ക്ക് തടസ്സപ്പെടും. അതേപോലെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളും തുടര്‍ന്നുണ്ടാവും. കുവൈത്തില്‍ താമസിക്കുന്ന 76 ശതമാനം പ്രവാസികളും ബയോമെട്രിക് വിരലടയാള പ്രക്രിയ പൂര്‍ത്തിയാക്കിയതായി ‘അല്‍-അഖ്ബര്‍’ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മേജര്‍ ജനറല്‍ അല്‍ ഉവൈഹാന്‍ പറഞ്ഞു.
അവസാന ദിവസമായ ഇന്ന് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്ന പൗരന്മാരെയും താമസക്കാരെയും ഉള്‍ക്കൊള്ളുന്നതിനായി രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ 8 രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പ്രത്യേക ആവശ്യങ്ങളുള്ള വ്യക്തികളുടെയും കിടപ്പിലായ രോഗികളുടെയും രജിസ്‌ട്രേഷന് വേണ്ടി ഉദ്യോഗസ്ഥര്‍ വീടുകളിലെത്തുന്നുണ്ട്. ഇതുവരെ, ഈ സേവനത്തിലൂടെ ഏകദേശം 13,241 വ്യക്തികളുടെ വിരലടയാളം രജിസ്റ്റര്‍ ചെയ്തു. പൗരന്മാര്‍ക്ക് രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും മന്ത്രാലയം സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ, വിദേശത്ത് പഠിക്കുന്ന കുവൈത്തികളുടെയും ചികിത്സയില്‍ കഴിയുന്ന രോഗികളുടെയും നയതന്ത്രജ്ഞരുടെയും വിരലടയാള പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കുവൈത്തിലേക്ക് മടങ്ങുന്നത് വരെ സമയം അനുവദിച്ചിട്ടുണ്ട്. അതുവരെ അവരുടെ ഇടപാടുകള്‍ക്ക് തടസ്സം നേരിടുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കുവൈത്ത് പൗരന്‍മാര്‍ക്ക് ബയോമെട്രിക് രജിസ്‌ട്രേഷനുള്ള സമയ പരിധി നേരത്തേ അവസാനിച്ചിരുന്നു. പ്രവാസികളുടെ എണ്ണക്കൂടുതല്‍ കാരണം അവര്‍ക്ക് ഡിസംബര്‍ 31 വരെ സമയം നീട്ടിനല്‍കുകയായിരുന്നു. നിലവിലെ കണക്കുകള്‍ പ്രകാരം 16,442 കുവൈത്ത് പൗരന്‍മാരും 224,000 പ്രവാസികളും 88,604 ഗോത്രവര്‍ഗ വിഭാഗങ്ങളും ഇനിയും ബയോമെട്രിക് വിരലടയാളം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവരായുണ്ട്. മന്ത്രാലയം വിരലടയാളം പൂര്‍ത്തിയാക്കിയ വേഗത കണക്കിലെടുക്കുമ്പോള്‍ ഇവ താരതമ്യേന ചെറിയ സംഖ്യകളാണെന്നും അല്‍ ഉവൈഹാന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല