1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 9, 2024

സ്വന്തം ലേഖകൻ: ഇതുവരെ ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്ത എല്ലാ പ്രവാസികളും എത്രയും വേഗം അത് പൂര്‍ത്തിയാക്കാന്‍ മുന്നോട്ടുവരണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. താമസക്കാര്‍ക്ക് സഹല്‍ ആപ്പ് വഴിയോ മെറ്റാ പ്ലാറ്റ്‌ഫോം ബയോമെട്രിക് രജിസ്‌ട്രേഷനായി അപ്പോയിന്‍റ്മെന്‍റ് ബുക്ക് ചെയ്യാമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് പ്രവാസികള്‍ക്ക് ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചിരിക്കുന്ന സമയം. ഈ സമയത്തിനകത്ത് തന്നെ എല്ലാ പ്രവാസികളും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും അഭിയന്തര മന്ത്രാലയം അറിയിച്ചു. അവസാന സമയത്തെ തിരക്ക് ഒഴിവാക്കുന്നതിനായി നേരത്തേ രജിസ്‌ട്രേഷന്‍ മുമ്പ് ചെയ്ത് നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതാണ് അഭികാമ്യമെന്നും അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.

നിശ്ചിത സമയത്തിനകം ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യുന്ന പ്രക്രിയ പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെടുന്നത് ഗുരുതരമായ പ്രതിസന്ധികള്‍ക്ക് കാരണമാവും. അവരുടെ സര്‍ക്കാര്‍, ബാങ്കിങ് ഇടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് നേരിടേണ്ടിവരിക. ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന നിയന്ത്രണങ്ങളുടെ ഭാഗമായി ബാങ്ക് അക്കൗണ്ടുകളും സര്‍ക്കാര്‍ സേവനങ്ങളും പൂര്‍ണമായി മരവിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ക്ഷണിച്ചുവരുത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം നടപടിക്രമങ്ങള്‍ ആരംഭിച്ച ശേഷം രാജ്യത്ത് പൗരന്‍മാരും പ്രവാസികളും അടക്കം 30 ലക്ഷത്തിലേറെ പേര്‍ ബയോമെട്രിക് ഫിംഗര്‍ പ്രിന്‍റ് രജിസ്‌ട്രേഷന്‍ നടപടികള്‍ ഇതിനകം പൂര്‍ത്തിയാക്കി. ഇവരില്‍ 21 ലക്ഷം പേര്‍ പ്രവാസികളാണ്. ഏകദേശം 530,000 പ്രവാസികള്‍ ഇനിയും ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുണ്ടെന്നും അവര്‍ എത്രയും വേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമന്നും മന്ത്രാലയം അറിയിച്ചു. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ബയോമെട്രിക് രജിസ്‌ട്രേഷന്‍ പ്രക്രിയ സുഗമമാക്കുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുള്ളതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതേസമയം, ഈ വര്‍ഷം ഡിസംബര്‍ അവസാനത്തിനു മുമ്പായി ബയോമെട്രിക്‌സ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത പ്രവാസികളുടെയും അവരുടെ ആശ്രിതരുടെയും റസിഡന്‍സി വീസകള്‍ പുതുക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ഇടപാടുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. ബാങ്ക് അക്കൗണ്ട് സേവനങ്ങള്‍ നിയന്ത്രിക്കുന്നതിന് പുറമെയാണിത്. ഒരു തവണ രജിസ്‌ട്രേഷന്‍ സമയം നീട്ടി നല്‍കിയ സാഹചര്യത്തില്‍ ഡിസംബര്‍ 31നു ശേഷം വീണ്ടും സമയം അനുവദിക്കാനിടയില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.