1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2024

സ്വന്തം ലേഖകൻ: കുവൈത്തില്‍ ബയോമെട്രിക് രജിസ്‌ട്രേഷന് അനുവദിച്ചിരിക്കുന്ന സമയം അടുത്തുകൊണ്ടിരിക്കെ 10 ലക്ഷത്തോളം പേര്‍ ഇനിയും വിരലടയാളം ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ബാക്കി. ഏകദേശം എട്ടുലക്ഷം കുവൈത്ത് പൗരന്‍മാര്‍ ഇതിനകം ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. ഇനി 1.75 ലക്ഷത്തോളം പൗരന്മാരാണ് ബാക്കിയുള്ളത്.

അതേസമയം, പ്രവാസികളില്‍ ഇതിനകം 10.68 ലക്ഷം പേര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്‌തെങ്കിലും എട്ടു ലക്ഷത്തോളം പേര്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുണ്ടെന്നും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡയറക്ടറേറ്റിലെ പേഴ്സണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗ് ജനറല്‍ നായിഫ് അല്‍ മുതൈരി അറിയിച്ചു.

പൗരന്മാര്‍ക്ക് അവരുടെ ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ 30 ആണ്. എന്നാല്‍ പ്രവാസികളായ താമസക്കാര്‍ക്ക് ഡിസംബര്‍ 31 വരെ സമയമുണ്ടെന്നും മുതൈരി പറഞ്ഞു. ആയിരത്തോളം ഭിന്നശേഷിക്കാരായ വ്യക്തികള്‍ ഇതിനകം ബയോമെട്രിക് രജിസ്‌ട്രേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. അവര്‍ക്ക് രജിസ്‌ട്രേഷന്‍ പ്രക്രിയ സുഗമമാക്കുന്നതിന് ആഭ്യന്തര മന്ത്രാലയം 11 മെഷീനുകള്‍ പ്രത്യേകമായി അനുവദിച്ചിരുന്നു.

ബാക്കിയുള്ള രജിസ്‌ട്രേഷനുകള്‍ സുഗമമാക്കുന്നതിന് കൂടുതല്‍ നടപടികള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍- ബാഹിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നത്. അനുവദിച്ച സമയത്തിനകത്ത് തന്നെ എല്ലാവര്‍ക്ക് ബയോമെട്രിക് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണിത്.

അതേസമയം, നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന സമയപരിധി ഇനിയും നീട്ടുമെന്ന പ്രതീക്ഷയില്‍ രജിസ്‌ട്രേഷന്‍ മാറ്റിവയ്ക്കരതുതെന്നും അദ്ദേഹം പറഞ്ഞു. സമയപരിധിയില്‍ മാറ്റമുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബയോമെട്രിക് രജിസ്ട്രേഷന്‍ നടപടികള്‍ നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കാത്ത സ്വദേശികളുടെയും വിദേശികളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കാന്‍ കുവൈത്ത് സെന്‍ട്രല്‍ ബാങ്കിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. ഇതിന്റെ മുന്നോടിയായി ബാങ്കിംഗ് സംവിധാനങ്ങളെ ഫിംഗര്‍ പ്രിന്റുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സെന്‍ട്രല്‍ ബാങ്ക് ഇതിനകം തുടങ്ങിക്കഴിഞ്ഞു. നിയമലംഘകര്‍ക്കെതിരേ നാല് ഘട്ടങ്ങളിലായാണ് ബാങ്കുകള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ആദ്യഘട്ടത്തില്‍ മൊബൈലിലേക്ക് മുന്നറിയിപ്പ് സന്ദേശമയക്കും. ഇത് ഈ ആഴ്ച തന്നെ ആരംഭിക്കും.

സമയപരിധിക്കുള്ളില്‍ ഫിംഗര്‍ പ്രിന്റ് രജിസ്റ്റര്‍ ചെയ്യാത്തവരുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ നിര്‍ത്തലാക്കുന്നതാണ് രണ്ടാം ഘട്ടം. എന്നിട്ടും ബയോമെട്രിക് രജിസ്ട്രേഷന്‍ നടത്താത്തവരുടെ ബാങ്ക് കാര്‍ഡുകള്‍ സസ്‌പെന്‍ഡ് ചെയ്യുന്നതാണ് മൂന്നാംഘട്ട നടപടി. ബാങ്കുമായി ബന്ധപ്പെട്ട് മുഴുവന്‍ കാര്‍ഡുകളുടെയും പ്രവര്‍ത്തനം ഈ ഘട്ടത്തില്‍ നിര്‍ത്തലാക്കും. ഫിഗര്‍പ്രിന്റിംഗ് രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കാത്ത പൗരന്മാരുടെ ബാങ്ക് അക്കൗണ്ടുകള്‍ അല്ലാത്ത മറ്റ് അക്കൗണ്ടുകളും മരവിപ്പിക്കുന്നതാണ് നാലാമത്തെ ഘട്ടം. സ്വദേശികള്‍ക്ക് ഡിസംബര്‍ ഒന്ന് മുതലാണ് ഈ ഘട്ടം ആരംഭിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.