സ്വന്തം ലേഖകൻ: ഗുജറാത്ത് തീരത്ത് ആശങ്ക വിതച്ച ബിപോര്‍ജോയി ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നു. ആഞ്ഞുവീശിയ കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായി. രണ്ട് പേരാണ് മരണപ്പെട്ടത്. ചുഴലിക്കാറ്റില്‍ 23 പേര്‍ക്ക് പരുക്കേറ്റു. ബിപോര്‍ജോയിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്തി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടീലുമായും മോദി സംസാരിച്ചു.
ഗുജറാത്തിലെ 4500 ഗ്രാമങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് വൈദ്യുത ബന്ധം താറുമാറായി. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണ്. തെക്കന്‍ രാജസ്ഥാന് കനത്ത ജാഗ്രതയിലാണ്. അത്യന്തം പ്രഹര ശേഷിയോടെ ഗുജറാത്തിലെ കച്ച്- സൗരാഷ്ട്ര മേഖലകളിലൂടെയാണ് ചുഴലിക്കാറ്റ് കടന്നുപോയത്.
ജനവാസ മേഖലകളില്‍ പലയിടത്തും വെള്ളക്കെട്ട് തുടരുകയാണ്. പോസ്റ്റുകളും, ട്രാന്‍സ്ഫോര്‍മാറുകളും വ്യാപകമായി തകര്‍ന്നതിനാല്‍ സംസ്ഥാനത്തെ വൈദ്യുത വിതരണം താറുമാറായി. മണിക്കൂറുകളായി പലയിടത്തും വൈദ്യുതി ഇല്ല.
രക്ഷാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ റോഡ് -വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ജാം നഗറില്‍ ഒഴുക്കില്‍ പേട്ട വളര്‍ത്തുമൃഗങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവും പുത്രനും ഒഴുക്കില്‍ പെട്ടു മരിച്ചു. പരുക്കേറ്റ 23 പേര് വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
നിലവില്‍ ബിപോര്‍ജോയി രാജസ്ഥാനിലേക്ക് കടക്കുകയാണ്. മുന്നൊരുക്കങ്ങളുടെ ഭാഗമായി രാജസ്ഥാനിലെ മൂന്ന് ദേശീയപാതകള്‍ അധികൃതര്‍ അടച്ചു. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അടിയന്തര യോഗം വിളിച്ചു. ഇന്ന് വൈകിട്ടോടെ ബിപോര്‍ ജോയ് ന്യൂനമര്‍ദ്ദമായി ദുര്‍ബലപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല