സ്വന്തം ലേഖകൻ: പക്ഷിപ്പനിയുടെ അപൂർവ വകഭേദമായ എച്ച്-5.എൻ-2 ബാധിച്ച് മെക്സിക്കോയിൽ 59-കാരൻ മരിച്ചെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) അറിയിച്ചു. മനുഷ്യരിൽ എച്ച്-5.എൻ-2 വൈറസ് ബാധിക്കുന്നത് ആദ്യമാണ്. പക്ഷിപ്പനി ബാധിച്ച് മരിക്കാനുള്ള സാധ്യത തീരെ കുറവാണെന്നും വൈറസിന്റെ ഉറവിടം അജ്ഞാതമാണെന്നും ഡബ്ല്യു.എച്ച്.ഒ. അറിയിച്ചു.
പനി, ശ്വാസതടസ്സം, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കലശലായതോടെ ഏപ്രിൽ 24-നാണ് രോഗിയെ മെക്സിക്കോസിറ്റിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുതന്നെ മരിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് എച്ച്-5.എൻ-2 സ്ഥിരീകരിച്ചത്.
എന്നാൽ, രോഗി ഏപ്രിൽ 17 മുതൽ ഇത്തരം ലക്ഷണങ്ങൾ കാണിച്ചിരുന്നെന്നും വൃക്കരോഗം, പ്രമേഹം എന്നിവയുള്ള ഇദ്ദേഹം മൂന്നാഴ്ചയോളം കിടപ്പിലായിരുന്നെന്നും പറയുന്നു. മെക്സിക്കോയിലെ കോഴിഫാമുകളിൽ എച്ച്-5.എൻ-2 വൈറസ് സാന്നിധ്യം നേരത്തേ സ്ഥിരീകരിച്ചിട്ടുണ്ട്. യു.എസിൽ പടർന്ന പക്ഷിപ്പനിയുടെ എച്ച്-5.എൻ-1 വകഭേദവുമായി ഇതിനു ബന്ധമില്ലെന്നും സംഘടന അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല