1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2024

സ്വന്തം ലേഖകൻ: അടുത്ത പകര്‍ച്ചവ്യാധി സംഭവിക്കുന്നത് പക്ഷിപ്പനി കാരണമായിരിക്കുമെന്ന മുന്നറിയിപ്പുമായി സെന്‌റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) മുന്‍ ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ്. അത് എപ്പോഴാണ് സംഭവിക്കുക എന്നതാണ് പ്രശ്‌നം. യുഎസില്‍ പശുക്കള്‍ക്കിടയില്‍ വ്യാപകമാകുന്ന പക്ഷിപ്പനിയെക്കുറിച്ച് ഒരു ന്യൂസ് ചാനലുമായി സംസാരിക്കുന്നതിനിടെയാണ് റെഡ്ഫീല്‍ഡ് തന്‌റെ ആശങ്ക അറിയിച്ചത്.

എപ്പോഴെങ്കിലും പക്ഷിപ്പനി പകര്‍ച്ചവ്യാധിക്ക് കാരണമാകുമോ എന്നല്ല, എപ്പോഴെങ്കിലും അത് സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നതെന്ന് റെഡ്ഫീല്‍ഡ് പറഞ്ഞു. കോവിഡ്-19നെ അപേക്ഷിച്ച് പക്ഷിപ്പനി മനുഷ്യരിലേക്ക് കടക്കുമ്പോള്‍ മരണസാധ്യത പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്-19 ന്‌റെ മരണം 0.6 ശതമാനമാെങ്കില്‍ പക്ഷിപ്പനിയുടേത് 25നും 50നും ഇടയില്‍ ആയിരിക്കുമെന്നും റെഡ്ഫീല്‍ഡ് പറയുന്നു. കന്നുകാലികളില്‍നിന്ന് പടരുന്ന വൈറസില്‍നിന്നുള്ള മനുഷ്യരിലെ മൂന്നാമത്തെ പക്ഷിപ്പനി കേസ് കഴിഞ്ഞ മാസം അമേരിക്കയില്‍ സ്ഥിരീകരിച്ചിരുന്നു. ലോകമെമ്പാടും പക്ഷിപ്പനി സ്‌ട്രെയിന്‍ എച്ച്5എന്‍1 കാരണമുള്ള 15 മനുഷ്യ അണുബാധകള്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്.

വൈറസ് മനുഷ്യര്‍ക്കിടയില്‍ പടരുന്നുവെന്നതിന് വ്യക്തമായ തെളിവുകളില്ലെങ്കിലും പക്ഷിപ്പനിക്ക് ഒരു മനുഷ്യ റിസപ്റ്ററുമായി ബന്ധിപ്പിക്കാനുള്ള പ്രവണത ലഭിക്കുന്നതിന് അഞ്ച് അമിനോആസിഡുകള്‍ ഉണ്ടായിരിക്കണമെന്ന് റെഡ്ഫീല്‍ഡ് വിശദീകരിക്കുന്നു. വൈറസ് മനുഷ്യ റിസപ്റ്ററുമായി ബന്ധിപ്പിക്കാനും മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പോകാനുള്ള കഴിവും നേടുമ്പോഴാണ് പകര്‍ച്ചവ്യാധി ആകുന്നത്.

അഞ്ച് അമിനോആസിഡുകള്‍ മാറാന്‍ എത്ര സമയം എടുക്കുമെന്ന് അറിയില്ല, എന്നാല്‍ യുഎസിലുടനീളമുള്ള കന്നുകാലികളില്‍ ഇത് കണ്ടെത്തിയതിനാല്‍ തനിക്ക് ആശങ്കയുണ്ടെന്ന് റെഡ്ഫീല്‍ഡ് പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഉയര്‍ന്ന രോഗപ്പകര്‍ച്ചയുള്ള ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ വൈറസുകള്‍ അന്‍പതിലധികം ജീവജാലങ്ങളെ ബാധിച്ചിട്ടുണ്ട്. ഇതില്‍ അമേരിക്കയിലെ കറപ്പശുക്കള്‍ ഉള്‍പ്പെടെയുണ്ട്.

യൂറോപ്പില്‍നിന്ന് വ്യത്യസ്തമായി അമേരിക്കന്‍ കര്‍ഷകര്‍ക്ക് കന്നുകാലികള്‍ക്ക് പൊടിച്ച കോഴിമാലിന്യം കൊടുക്കാന്‍ അനുവാദമുണ്ട്. ഇത് പക്ഷിപ്പനിക്ക് ഒരു അപകടഘടകമാണെന്ന് ചില ഗവേഷകര്‍ പറയുന്നു. എന്നാല്‍ ചിലര്‍ ഇതിനെ വെല്ലുവിളിക്കുകയും കാട്ടുപക്ഷികളാണ് പശുക്കളിലെ അണുബാധയ്ക്ക് കാരണമെന്നും പറയുന്നു.

ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ എന്നും പക്ഷിപ്പനി അറിയപ്പെടുന്നു. ടൈപ്പ് എ വൈറസ് രോഗം ബാധിച്ച പക്ഷികളിലൂടെയാണ് രോഗം പകരുന്നത്. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് ഇത് മൃഗങ്ങളിലേക്ക് വ്യാപിക്കുകയും ഇവയുമായി ഇടപഴകുന്ന മനുഷ്യര്‍ക്ക് രോഗം പിടിപെടുകയും ചെയ്യുന്നു.

മൃഗങ്ങളുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതിലൂടെയോ രോഗം ബാധിച്ച ചുറ്റുപാടുകളുമായി പരോക്ഷ സമ്പര്‍ക്കത്തിലൂടെയോ അണുബാധ പകരാം. യഥാര്‍ഥ ഉറവിടത്തെ ആശ്രയിച്ച് ഇന്‍ഫ്‌ളുവന്‍സഎ വൈറസുകളെ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ, സൈ്വന്‍ ഇന്‍ഫ്‌ളുവന്‍സ, മറ്റ് തരത്തിലുള്ള മൃഗങ്ങളുടെ ഇന്‍ഫ്‌ളുവന്‍സ വൈറസുകള്‍ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു.

ചെറിയ ശ്വാസകോശ പ്രശ്‌നങ്ങളില്‍ തുടങ്ങി ഗുരുതരമായ രോഗങ്ങള്‍വരെ ഇതിന്‌റെ ഫലമായുണ്ടാകാം. ചെങ്കണ്ണ്, ദഹനവ്യൂഹത്തിലെ പ്രശ്‌നങ്ങള്‍, എന്‍സെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം), മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്ന എന്‍സെഫലോപ്പതി തുടങ്ങിയ ലക്ഷണങ്ങള്‍ പക്ഷിപ്പനിയുടെ ഭാഗമായുണ്ടാകാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.