സ്വന്തം ലേഖകന്‍: പക്ഷിപ്പനി പേടി, ഇന്ത്യയുള്‍പ്പെടെ 24 രാജ്യങ്ങളില്‍ നിന്നുള്ള പക്ഷികള്‍ക്കും പക്ഷി ഉല്‍പന്നങ്ങള്‍ക്കും കുവൈറ്റില്‍ വിലക്ക്. പക്ഷിരോഗം കണ്ടെത്തിയതായുള്ള ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് കുവൈറ്റ് സര്‍ക്കാരിന്റെ നടപടി. ജീവനുള്ള പക്ഷികള്‍ക്കും ശീതീകരിച്ച പക്ഷിമാംസത്തിനും മുട്ടക്കും വിലക്ക് ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്ത്യ, പോളണ്ട്, സ്വിറ്റ്‌സര്‍ലാന്റ്, സ്വീഡന്‍, ഇറാന്‍,ക്രൊയേഷ്യ, അള്‍ജീരിയ, കാനഡ, ബ്രസീല്‍ തുടങ്ങിയ 24 രാജ്യങ്ങളില്‍നിന്നുള്ള പക്ഷികള്‍ക്കും പക്ഷിയുല്‍പന്നങ്ങള്‍ക്കുമാണ് ഇറക്കുമതി നിരോധനം.പക്ഷിരോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശ പ്രകാരമാണിതെന്ന് അധികൃതര്‍ വിശദീകരിച്ചു. അതേസമയം ലബനോന്‍, ഈജിപ്ത്, ജോര്‍ഡന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുളള പക്ഷിമാംസത്തിന്റെ ഇറക്കുമതി ഉപാധികളോടെ പുനരാരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.
മാംസ ഇറക്കുമതിക്ക് ശക്തമായ നിരീക്ഷണം തുടരുമെന്നു കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു അതിനിടെ കുവൈത്തില്‍ നിന്നുള്ള പക്ഷിമാംസ ഇറക്കുമതിക്ക് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി വിലക് ഏര്‍പ്പെട്ടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. കുവൈത്തില്‍ നിന്നുള്ള പൗള്‍ട്രി ഇനങ്ങളില്‍ ഏവിയന്‍ ഫ്‌ളൂ വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നും മുട്ട, സംസ്‌കരിച്ച പക്ഷിമാംസം എന്നിവയ്ക്ക് വിലക്കു ബാധകമെല്ലെന്നുമാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല