സ്വന്തം ലേഖകൻ: 22ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇംഗ്ലണ്ടിലെ ബര്‍മിങാമില്‍ വര്‍ണാഭമായ തുടക്കം. ബര്‍മിങാമിന്റെ ചരിത്രത്തെ വിളിച്ചറിയിക്കുന്നതായിരുന്നു ഉദ്ഘാടന ചടങ്ങ്. 215 പേരടങ്ങുന്ന ഇന്ത്യന്‍ സംഘത്തെ ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവ് പിവി സിന്ധു ദേശീയപതാകയേന്തി മാര്‍ച്ച് പാസ്റ്റില്‍ നയിച്ചു. സംഗീതവും, കരിമരുന്ന് പ്രയോഗവും നൃത്തവുമായി ഉഗ്രന്‍ ചടങ്ങാണ് ബര്‍മിങാമിലെ ഗെയിംസിന് തുടക്കമേകി സംഘടിപ്പിച്ചത്.
ടോക്യോ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് നീരഡ് ചോപ്രയാണ് ഇന്ത്യന്‍ പതാകയേന്തേണ്ടിയിരുന്നതെങ്കിലും പരിക്ക് കാരണം താരം ഗെയിംസില്‍ നിന്ന് പിന്‍മാറിയിരുന്നു. ഇതോടെയാണ് പി.വി സിന്ധുവിനെ മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തുന്നതിനായി തിരഞ്ഞെടുത്തത്. ഗെയിംസില്‍ നിന്നുള്ള നീരജിന്റെ പിന്‍മാറ്റം അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് ഒരു ഉറച്ച മെഡല്‍ പ്രതീക്ഷകൂടിയാണ് നഷ്ടമാക്കിയത്.
കോമണ്‍വെല്‍ത്ത് ഗെയിംസിലെ മത്സരവേദി വെള്ളിയാഴ്ച ഉണരും. ഈ ഗെയിംസില്‍ ക്രിക്കറ്റില്‍ മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതകള്‍ എന്ന അപൂര്‍വബഹുമതിയുമായി ഹര്‍മന്‍പ്രീത് കൗറിന്റ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ആദ്യദിനം ഇറങ്ങും. ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളി ഓസ്‌ട്രേലിയ. മത്സരം വൈകീട്ട് 4.30 മുതല്‍. ഗ്രൂപ്പ് എയിലാണ് ഇന്ത്യയും ഓസ്ട്രേലിയയും. പാകിസ്താന്‍, ബാര്‍ബഡോസ് എന്നീ ടീമുകളും ഇതേ ഗ്രൂപ്പിലാണ്.
ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകള്‍ ഗ്രൂപ്പ് ബിയില്‍ കളിക്കും. ഇന്ത്യ-പാകിസ്താന്‍ മത്സരം ഞായറാഴ്ച. ഇന്ത്യയുടെ ചില താരങ്ങള്‍ കോവിഡിന്റെ പിടിയിലാണ്. 92 വര്‍ഷം നീണ്ട കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇതാദ്യമായാണ് വനിതാ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയത്. ഗെയിംസ് വില്ലേജില്‍ വ്യാഴാഴ്ച ഇന്ത്യന്‍ പതാക ഉയര്‍ന്നു.
ആദ്യദിനം ഗെയിംസ് മത്സരങ്ങളാണ് ഏറെയും. ഇന്ത്യന്‍സമയം ഉച്ചയ്ക്ക് ഒരുമണിക്ക് ലോണ്‍ ബോളോടെ മത്സരവേദി ഉണരും. ഈയിനത്തില്‍ ഇന്ത്യക്കാരായ സുനില്‍ ബഹാദൂര്‍, മൃദുല്‍ ബോര്‍ഗോഹെയ്ന്‍, താനിയ ചൗധരി, രൂപ ടിര്‍കെ തുടങ്ങിവര്‍ മത്സരിക്കുന്നു.
ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുള്ള ടേബിള്‍ ടെന്നീസ് മത്സരങ്ങള്‍ ഉച്ചയ്ക്ക് രണ്ടിന് തുടങ്ങും. പുരുഷന്‍മാരുടെ ടീം ഇനത്തില്‍ ഹര്‍മീത് ദേശായി, സനില്‍ ഷെട്ടി, ശരത് അചന്ത, സത്യന്‍ ജ്ഞാനശേഖരന്‍ തുടങ്ങിയവരുണ്ട്. വനിതാ ടീമില്‍ മനിക ബത്ര, ദിയ ചിതാലെ എന്നിവരുമുണ്ട്.
ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുള്ള മറ്റൊരു പ്രധാന ഇനമായ നീന്തലില്‍ മലയാളി താരം സാജന്‍ പ്രകാശ് 50 മീറ്റര്‍ ബട്ടര്‍ഫ്ളൈ ഇനത്തില്‍ വൈകീട്ട് മൂന്നിന് ഇറങ്ങും.വൈകീട്ട് നാലരയ്ക്ക് തുടങ്ങുന്ന ബോക്സിങ്ങില്‍ ശിവ ഥാപ്പ, സുമിത് കുണ്ഡു, ആശിഷ് കുമാര്‍ തുടങ്ങിവര്‍ ഇറങ്ങും. ഇതേസമയം സ്‌ക്വാഷില്‍ സൗരവ് ഘോഷാല്‍, ജോഷ്ന ചിന്നപ്പ, സുനയന കുരുവിള തുടങ്ങിയര്‍ക്കും മത്സരമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല