സ്വന്തം ലേഖകന്‍: ജപ്പാനില്‍ ജനനനിരക്ക് കുത്തനെ താഴേക്ക്; കുഞ്ഞിക്കാലു കാണാന്‍ നെട്ടോട്ടമോടി ജപ്പാന്‍കാര്‍. ജപ്പാനില്‍ കുട്ടികളുടെ എണ്ണം കുറയുന്ന പ്രവണത തുടര്‍ച്ചയായി 37 ആം വര്‍ഷവും തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തുവിട്ട കണക്കനുസരിച്ച്, ജപ്പാനില്‍ 14 വയസ്സും അതില്‍ താഴെയുമുള്ളവരുടെ എണ്ണം ഒന്നരക്കോടി മാത്രമാണ്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1,70,000 കുഞ്ഞുങ്ങള്‍ കുറവ്. ജപ്പാനിലെ ആകെ ജനസംഖ്യ 12.7 കോടി വരും. ഇവരില്‍ മൂന്നരക്കോടിയിലേറെ 64 വയസ്സു കഴിഞ്ഞവരാണ്. രാജ്യത്തെ ജനനനിരക്കു കൂട്ടാന്‍ ഷിന്‍സോ ആബെ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ഫലം കണ്ടില്ലെന്നാണ് പുതിയ കണക്കുകള്‍ നല്‍കുന്ന സൂചന.
ജനസംഖ്യ കുറയുന്നതു തടയാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വിവിധ പദ്ധതികള്‍ നടപ്പാക്കിയിരുന്നു. കുട്ടികളെ പരിചരിക്കാനുള്ള ഡേ കെയര്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കാന്‍ നടപടിയെടുത്തു. ജനസംഖ്യാ പ്രതിസന്ധി ജപ്പാന്റെ ഭാവിവികസനത്തിന് തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല