
സ്വന്തം ലേഖകൻ: അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്നവര്‍ക്ക് യു.എസ് പൗരത്വം ലഭിക്കുന്ന നിലവിലെ രീതി അവസാനിപ്പിക്കാനൊരുങ്ങി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അധികാരമേറ്റാല്‍ ഉടന്‍ ഇത് അവസാനിപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ജനനത്തിലൂടെ പൗരത്വം ലഭിക്കുന്നത് അവസാനിപ്പിക്കുമെന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.
യു.എസ്സിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുക എന്നതാണ് പുതിയ തീരുമാനത്തിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്. അതേസമയം പൗരത്വം സംബന്ധിച്ച നയത്തിലെ മാറ്റം നിയമയുദ്ധത്തിലേക്ക് വഴിതെളിച്ചേക്കും.
നിലവിലെ നിയമപ്രകാരം അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന ഏതൊരാള്‍ക്കും സ്വാഭാവികമായി യു.എസ്. പൗരത്വം ലഭിക്കും. രാജ്യത്ത് നിയമവിരുദ്ധമായി കഴിയുന്ന മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്കും ടൂറിസ്റ്റ്, സ്റ്റുഡന്റ് വീസ പോലുള്ള താത്കാലിക വീസയിലെത്തി യു.എസ്സില്‍ കഴിയുന്നവരുടെ കുട്ടികള്‍ക്കുമെല്ലാം ഈ ആനുകൂല്യമുണ്ട്. അമേരിക്കയിൽ പൗരത്വം ജന്മാവകാശമായി നല്‍കുന്നത് കുറേ കാലമായി വലിയ ചര്‍ച്ചാവിഷയമാണ്.
യു.എസ്സിന്റെ ഈ പൗരത്വനയം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപും അനുയായികളും ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിക്കുന്ന വിമര്‍ശനം. അമേരിക്കന്‍ പൗരത്വം ലഭിക്കുന്നതിന് കര്‍ശനമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് ഇവരുടെ വാദം.
എന്നാല്‍ പൗരത്വം ജന്മാവകാശമായി ലഭിക്കുന്നത് ഭരണഘടനാപരമായ അവകാശമാണെന്നാണ് മറുവാദമുന്നയിക്കുന്നവര്‍ പറയുന്നത്. 14-ാം ഭരണഘടനാ ഭേദഗതിയാണ് ഈ അവകാശം ഉറപ്പുനല്‍കുന്നത്. അതിനാല്‍ തന്നെ ഈ നയത്തില്‍ കൈ വെക്കുന്നത് അത്ര എളുപ്പമല്ലെന്നും അതിന് ശ്രമിക്കുന്നത് രാജ്യത്തിന് ദോഷകരമാകുമെന്നും നയത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല